
തിരുവനന്തപുരം:വട്ടിയൂർക്കാവിൽ എൻഎസ്എസ് താലൂക്ക് നേതൃത്വം യുഡിഎഫ് അനുകൂല നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സമുദായ അംഗങ്ങളുടെ വോട്ടുറപ്പിക്കാൻ കൊണ്ടു പിടിച്ചുള്ള ശ്രമത്തിലാണ് എൽഡിഎഫ്. സാധാരണ സമുദായംഗങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് വി കെ പ്രശാന്ത് പ്രതീക്ഷ വെയ്ക്കുമ്പോൾ എൻഎസ്എസിന്റെ അനുകൂല നിലപാട് യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻകുമാറിന്‍റെ ആത്മവിശ്വാസം കൂട്ടുകയാണ്.
ശരിദൂരമെന്ന് പറയുമ്പോഴും സർക്കാരിനെ വിമർശിക്കുന്ന എൻഎസ്എസ് നിലപാടിൽ സിപിഎമ്മിന് ആശങ്കയുണ്ട്. ആ ആശങ്ക വട്ടിയൂർക്കാവിൽ കൂടുതലുമാണ്. നാൽപത് ശതമാനത്തിലധികം നായർ വോട്ടുകളുള്ള വട്ടിയൂർക്കാവിൽ യുഡിഎഫിന് അനൂകൂലമാണ് തങ്ങളെന്ന് എൻഎസ്എസ് പരസ്യനിലപാട് സ്വീകരിച്ചതാണ് എൽഡിഎഫ് ക്യാമ്പിലെ ആശങ്ക വർദ്ധിപ്പിച്ചത്.
കരയോഗങ്ങളിൽ ഭിന്ന സ്വരങ്ങളുയർന്നെങ്കിലും താലൂക്ക് യൂണിയൻ പ്രസിഡന്‍റ് സംഗീത്കുമാർ യുഡിഎഫിന് അനുകൂലമായി നിലപാടെടുത്തത് എൽഡിഎഫിനെ വട്ടംകറക്കുന്നു. ശരിദൂരമെന്നാൽ യുഡിഎഫ് അനുകൂല നിലപാടാണെന്ന് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡണ്ട് സംഗീത് കുമാറ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലും കാണാത്തവിധം എൻഎസ്എസ് ഇപ്പോൾ സജീവമാണെന്നതും ആശങ്ക കൂട്ടുന്നുണ്ട്. വിശ്വാസത്തിൽ ഒരിഞ്ചുപോലും വിട്ടുവീഴ്ച പാടില്ലെന്ന സമുദായ നേതൃത്വത്തിന്റെ സന്ദേശമാണ് വട്ടിയൂർക്കാവിലും അണികൾ പാലിക്കുന്നത്.
എന്നാൽ ഏത് വിധേനയും ഈ നീക്കത്തെ ചെറുക്കാൻ ഇടത് മുന്നണി ശ്രമിക്കുന്നുണ്ട്. പാർട്ടി അംഗങ്ങളും അനുഭാവികളുമായ സമുദായംഗങ്ങളെ രംഗത്തിറക്കി ഇതിനെ മറികടക്കുകയാണ് പ്രധാന പദ്ധതി. സാധാരണക്കാരായ സമുദായംഗങ്ങൾ നേതൃത്വത്തിന്‍റെ നിലപാട് തള്ളുമെന്ന വിശ്വാസത്തിലാണ് സ്ഥാനാർത്ഥി. സമുദായംഗങ്ങൾ എൽഡിഎഫിന് അനുകൂലമായ നിലപാട് എടുക്കും എന്ന വിശ്വാസം ഞങ്ങൾക്കുണ്ടെന്നാണ് വി കെ പ്രശാന്തിന്റെ വാക്കുകൾ
അതെ സമയം യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻകുമാർ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുന്നെകിട്ടിയ ബോണസായാണ് എൻഎസ്എസ് നിലപാടിനെ കാണുന്നത്. എൻഎസ്എസുമായി അടുത്തബന്ധമുള്ള യുഡിഎഫ് സ്ഥാനാർത്ഥി താഴെ തട്ടിലുള്ള സമുദായ അംഗങ്ങളുടെ പിന്തുണയിലും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
2016ൽ കുമ്മനം വട്ടിയൂർക്കാവിൽ 30,000വോട്ടിന്‍റെ വർദ്ധനവുണ്ടാക്കിയതിൽ നായർ സമുദായംഗങ്ങളുടെ പിന്തുണ ചെറുതല്ലായിരുന്നു. യുഡിഎഫ് വിട്ട് ബിജെപിയിലേക്കെത്തിയ ഈ വോട്ടുകൾ ഉറപ്പിക്കാൻ ഇത്തവണയും ബിജെപി പരിശ്രമിക്കുന്നുണ്ട്. എന്നാൽ അതിനിടെ എൻഎസ്എസ് ശരിദൂരമെന്ന പരസ്യ നിലപാട് സ്വീകരിക്കുന്നത് ബിജെപിയെയും ആശയക്കുഴപ്പത്തിലാക്കുന്നു. എന്നാൽ കരയോഗങ്ങളിലെ ശക്തമായ ബിജെപി പ്രാതിനിധ്യത്തിലാണ് സുരേഷിന്‍റെ പ്രതീക്ഷ. എൻഎസ്എസിന്റെ നിലപാട് ശരിദൂരമാണെന്നും അത് വിശ്വാസികളുടെ നിലപാട് ആണെന്നും ബിജെപി സ്ഥാനാർത്ഥി പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
വട്ടിയൂർക്കാവ് കോന്നി അടക്കമുള്ള സ്വാധീനമേഖലകളിൽ എൻഎസ്എസിന്റെ സജീവരംഗപ്രവേശനം ഏറെ നിർണ്ണായകമാകും. പ്രചാരണം അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ അതുകൊണ്ട് തന്നെ എൻഎസ്എസ് വോട്ടുകളിൽ ശ്രദ്ധയൂന്നുകയാണ് മൂന്ന് മുന്നണികളും.