മഴയിൽ കുതിർന്ന് പോളിംഗ് അവസാനിച്ചു, ശതമാനം കൂടുതൽ അരൂരിൽ, കുറവ് എറണാകുളത്ത്

By Web TeamFirst Published Oct 21, 2019, 7:40 PM IST
Highlights

മഴയിൽ കുതിർന്ന് നനഞ്ഞ‌ പോളിംഗ്. തീർത്തും അപ്രതീക്ഷിതമായിരുന്നു മുന്നണികൾക്കിത്. മഴ ആരെ തുണയ്ക്കും? ആരെ കൈ വിടും? വോട്ട് പെട്ടിയിലായി. എല്ലാമറിയാം, വ്യാഴാഴ്ച. 

തിരുവനന്തപുരം: കനത്ത മഴയിൽ നനഞ്ഞ് കുതിർന്ന് അഞ്ച് മണ്ഡലങ്ങളിലെ പോളിംഗ് അവസാനിച്ചു. മഴ മൂലം പോളിംഗ് സമയം എറണാകുളത്ത് എട്ട് മണി വരെ നീട്ടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇത് നിരസിച്ചു. ആറ് മണി വരെ ക്യൂവിൽ നിന്നവർക്കെല്ലാം വോട്ട് ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. 

ഏറ്റവും കൂടുതൽ വാശിയേറിയ പോരാട്ടം, കനത്ത മഴയെ അവഗണിച്ചും നടന്നത് അരൂരാണ്. മഴയിൽ വെള്ളക്കെട്ടിൽ മുങ്ങിയ എറണാകുളത്താകെ അറുപത് ശതമാനം പോലും തൊട്ടതുമില്ല. ഇത് അന്തിമകണക്കല്ല, അവസാന കണക്കുകൾ വരുമ്പോൾ പോളിംഗ് ശതമാനം മാറും. പക്ഷേ, ഏതാണ്ട് ഏഴ് മണിയോടെ ലഭ്യമായ കണക്കുകളിങ്ങനെയാണ്:

  • അരൂർ 80.14
  • എറണാകുളം 57.54
  • മഞ്ചേശ്വരം 74.42
  • കോന്നി 69.94
  • വട്ടിയൂർക്കാവ് 62.11

വോട്ടിംഗ് സമയം അവസാനിക്കുന്ന ആറു മണിക്ക് ക്യൂവിലുള്ള വോട്ടർമാർക്ക് ക്രമമനുസരിച്ച് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അവസരം ഒരുക്കുകയാണ് ചെയ്തത്. പ്രിസൈഡിംഗ് ഓഫീസർമാർക്കുള്ള മാന്വലിൽ ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇക്കാര്യം പ്രത്യേകം ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. രാവിലത്തെ മഴ മൂലം പോളിംഗ് മന്ദഗതിയിലായ ബൂത്തുകളിൽ വൈകിട്ടോടെ പോളിംഗ് സാധാരണഗതിയിലേക്കെത്തി. എറണാകുളത്തും വട്ടിയൂർക്കാവിലും വൈകിട്ടോടെ നീണ്ട ക്യൂവും ദൃശ്യമായി. 

 

<div style="visibility: hidden" overflow tabindex=0 role=button aria-label="Loading..." placeholder>Loading...</div>
click me!