ജി സുധാകരന്‍റെ 'പൂതന' പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന് ഷാനിമോളുടെ പരാതി

By Web TeamFirst Published Oct 5, 2019, 6:21 PM IST
Highlights

സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്ന ആവശ്യവും ഉന്നയിക്കുന്നു

അരൂര്‍: 'പൂതന' എന്ന് വിളിച്ച് ആക്ഷേപിച്ച ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാന്‍. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.

പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്ന ആവശ്യമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി സുധാകരന്‍ പറഞ്ഞു.

കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചു. മന്ത്രിക്കെതിരെ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നൽകിയിരുന്നു. സുധാകരന്റെ പ്രസ്താവന സ്ത്രീ വിരുദ്ധമെന്ന് നേരത്തെ ഷാനിമോള്‍ പ്രതികരിച്ചിരുന്നു.

പൊതു ജീവിതത്തിൽ ഞാൻ ആദ്യമായിട്ടാണ് ഇത്തരമൊരു പരാമർശം കേൾക്കുന്നത്. എനിക്ക് അതിൽ അതിയായ ദുഃഖവും ഉണ്ട്.വളരെ നിന്ദ്യവും നീചവുമായിട്ടുള്ള പദപ്രയോ​ഗമാണ് മന്ത്രി ജി സുധാകരൻ നടത്തിയിട്ടുള്ളത്. വളരെ ചെറുപ്പകാലം മുതൽ തന്നെ എന്നെ അറിയാവുന്ന ആളാണ് അദ്ദേഹം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം നിലപാടുകളിലുള്ള ശക്തമായ പ്രതിഷേധവും കൂടി ഞാൻ അറിയിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യുഡിഎഫ് നേതൃത്വം പ്രതികരിക്കട്ടേ എന്നാണ് എന്റെ നിലപാടെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

അതേസമയം, പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ജി. സുധാകരൻ രംഗത്തെത്തി. ഷാനിമോൾ സ്വന്തം സഹോദരിയെ പോലെയാണെന്ന് മന്ത്രി പറഞ്ഞു. ഷാനിമോളേ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. അടുക്കളയിൽ കയറിയല്ല വാർത്ത എടുക്കേണ്ടതെന്നും ജി സുധാകരൻ പറഞ്ഞു. പത്രക്കാർ പല കാര്യങ്ങളിലും കുഴലൂത്ത് നടത്തുകയാണെന്നും ആലപ്പുഴ ബൈപാസ്സ് വാർത്തകൾ ഇതിനു ഉദാഹരണമാണെന്നും സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു.

click me!