'ആർക്കും തോൽപിക്കാനാവില്ല മക്കളേ', മഴയത്ത് വന്ന് ഐഡി കാർഡില്ലാതെ മടങ്ങിയ ഒരപ്പൂപ്പന്‍റെ വോട്ടുകഥ

By Web TeamFirst Published Oct 21, 2019, 12:39 PM IST
Highlights

''ഐഡി കാർഡും ആധാർ കാർഡും എന്ന് വേണ്ട മൂന്നാല് സംഗതികൾ ഉള്ളതെല്ലാം എടുത്തിട്ടുണ്ട്. ഇനി ആരും എന്നെ പറ‌ഞ്ഞു വിടരുത്''

എറണാകുളം: തോരാമഴ, അരക്കൊപ്പം വെള്ളത്തിൽ തുഴഞ്ഞ് തുഴഞ്ഞ് വെള്ളക്കെട്ടിലൂടെ ബൂത്തിലെത്തി. പക്ഷെ തിരിച്ചറിയൽ കാ‍ർഡ് എടുക്കാൻ മറന്നു. എന്ത് ചെയ്യും? പോയത് പോയി, ഇനി അടുത്ത വട്ടം കാണാം എന്ന് കരുതി തിരികെ മടങ്ങും. അല്ലേ? എങ്കിൽ തെറ്റി. മുട്ടറ്റം വെള്ളത്തിലായ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ മടിച്ച കൊച്ചിക്കാർക്കിടയിൽ ഇന്ന് വേറിട്ടു നിന്നത് ഒരു തൊണ്ണൂറ്റിരണ്ടുകാരൻ മുത്തശ്ശൻ ആണ്. പേര് കൃഷ്ണൻ കുട്ടി. 

ബന്ധുവിന്റെ കൈപിടിച്ച് വെള്ളക്കെട്ടിലൂടെ അയ്യപ്പൻ കാവിലെ ശ്രീനാരായണ സ്കൂളിൽ രാവിലെ പത്തേ കാലോടെ തന്നെ കൃഷ്ണൻ കുട്ടി എത്തിയിരുന്നു. പക്ഷെ കയ്യിൽ വോട്ടേഴ്സ് ഐ‍ഡി ഇല്ലെന്ന ഒറ്റ കാരണം കാട്ടി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൃഷ്ണൻ കുട്ടിയെ തിരികെ അയച്ചു. വോട്ടേഴ്സ് സ്ലിപ് മാത്രം മതിയാകില്ലെന്നായിരുന്നു അധികൃതരുടെ പക്ഷം. പക്ഷെ എങ്ങനെ തോറ്റു മടങ്ങും? 

ഇടതടവില്ലാതെ പെയ്ത മഴക്കിടയിലൂടെ വീണ്ടും കൃഷ്ണൻ കുട്ടി വീട്ടിലേക്ക്. മഴയെ വക വയ്ക്കാതെ അര മണിക്കൂറിനുള്ളിൽ തന്നെ തിരികെ എത്തി. വോട്ടേഴ്സ് ഐ‍ഡി മാത്രമല്ല, കയ്യിലുള്ള എല്ലാ രേഖകളും ആയി...

''ഐഡി കാർഡും ആധാർ കാർഡും എന്ന് വേണ്ട മൂന്നാല് സംഗതികൾ ഉള്ളതെല്ലാം എടുത്തിട്ടുണ്ട്. ഇനി ആരും എന്നെ പറ‌ഞ്ഞു വിടരുത്''

മുണ്ട് മടക്കി കാലൻ കുട കുത്തി വെള്ളക്കെട്ടിലൂടെ നടന്നെത്തി കൃഷ്ണൻ കുട്ടി പറഞ്ഞു.

വോട്ടേഴ്സ് ഐ‍ഡി ഇല്ലെന്ന കാരണത്താൽ പറഞ്ഞു വിട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടുള്ള അമർഷവും കൃഷ്ണൻ കുട്ടി മറച്ചു വച്ചില്ല.

''അല്ല, ഇത് ഐഡന്റിഫിക്കേഷൻ എന്ന് പറഞ്ഞല്ലേ സർക്കാര് തരുന്നത്? ഇത് പോരാന്ന് പറഞ്ഞാൽ എങ്ങനെ ആണ് ശരിയാകുന്നത്. വയസ് തൊണ്ണൂറ്റി രണ്ടായി. ഇത്രേം കാലത്തിനിടക്ക് ഇതാദ്യമായാണ് എന്നെ ഇങ്ങനെ  പറഞ്ഞു വിടുന്നത്''. 

വോട്ടേഴ്സ് സ്ലിപ്പ് ചൂണ്ടിക്കാട്ടി കൃഷ്ണൻ കുട്ടി പറഞ്ഞവസാനിപ്പിച്ചു.

 

കനത്തമഴയിൽ പോളിംഗ് ബൂത്തിലേക്ക് എത്താൻ ചെറുപ്പക്കാർ പോലും മടിച്ചിടത്താണ് കൃഷ്ണൻ കുട്ടി വോട്ട് ചെയ്തു മടങ്ങിയത്. കൃഷ്ണൻ കുട്ടി എത്തിയ അതേ ഇടത്ത് , സ്കൂൾ കെട്ടിടത്തിന്റെ മുകളിലേക്ക് പോളിംഗ് ബൂത്ത് മാറ്റി സ്ഥാപിച്ചിട്ടും വോട്ട് ചെയ്യാൻ ചിലർ മടിച്ച കാഴ്ചയും ഉണ്ടായി. എന്തായാലും മൗലികാവകാശം നിർവഹിക്കുന്നതിൽ പ്രായമോ മോശം സാഹചര്യങ്ങളോ ഒന്നും തടസമല്ലെന്ന് ഊട്ടിയുറപ്പിക്കുന്നതായി കൃഷ്ണൻ കുട്ടിയുടെ വോട്ടെടുപ്പ് കാഴ്ച.

click me!