പ്രശാന്തിനെ അഭിനന്ദിച്ചുള്ള പോസ്റ്റ് പിൻവലിച്ച് തുഷാർ; പോസ്റ്റ് ഇട്ടത് പേജ് നോക്കുന്ന വ്യക്തി എന്ന് വിശദീകരണം

By Web TeamFirst Published Oct 24, 2019, 8:35 PM IST
Highlights

മുഖ്യമന്ത്രിയെയും വി കെ പ്രശാന്തിനെയും അഭിനന്ദിച്ച് തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പിന്നീട് പിന്‍വലിക്കുകയായിരുന്നു. പേജ് കൈകാര്യം ചെയ്യുന്നത് ഒരു അഡ്മിന്‍ പാനലാണ്, അതിലൊരു വ്യക്തിക്ക് സംഭവിച്ച പിഴവായിരുന്നു ആദ്യത്തെ ഫേസ്ബുക്ക് കുറിപ്പെന്നാണ് വിശദീകരണം.  

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെയും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വിജയി വികെ പ്രശാന്തിനെയും അഭിനന്ദിച്ചിട്ട ഫേസ്ബുക്ക് പോസ്റ് പിൻവലിച്ച് ബിഡിജെഎസ് നേതാവ്  തുഷാർ വെള്ളാപ്പള്ളി. അഭിനന്ദന പോസ്റ്റ് ഇട്ടത് എഫ് ബി പേജ് നോക്കുന്ന വ്യക്തിയാണെന്ന് വിശദീകരിച്ച് മറ്റൊരു കുറിപ്പും തുഷാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

വികെ പ്രശാന്തിന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്‍റേയും ചിത്രം പങ്കുവെച്ചായിരുന്നു ആദ്യ പോസ്റ്റ്. പിന്നോക്കക്കാരനായ മുഖ്യമന്ത്രിയും മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പിന്നോക്കക്കാരനും ഒരുമിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന ഈ കാഴ്ച കേരളത്തില്‍ അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് എന്നായിരുന്നു ചിത്രത്തിന് ഒപ്പം പങ്കുവെച്ച കുറിപ്പ്. 

ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഒരു അഡ്മിന്‍ പാനലാണെന്നും  അതിലൊരു വ്യക്തിക്ക് സംഭവിച്ച പിഴവായിരുന്നു ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ് എന്നുമാണ് തുഷാറിന്‍റെ വിശദീകരണം. 'ബിഡിജെഎസ് എന്നും എന്‍ഡിഎ മുന്നണിയുടെ അവിഭാജ്യ ഘടകമാണ്. അതില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. കോന്നിയിലുള്‍പ്പെടെ എന്‍ഡിഎയ്ക്കുണ്ടായ വോട്ട് വര്‍ദ്ധനവ് ശുഭസൂചന തന്നെയാണെന്നും രണ്ടാമത്തെക്കുറിപ്പില്‍  തുഷാര്‍ വ്യക്തമാക്കി. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ  പൂര്‍ണരൂപം 

പ്രിയ സഹോദരങ്ങളെ എന്‍റെ ഫെയ്സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഒരു അഡ്മിന്‍ പാനലാണ്.അതിലൊരു സഹോദരന്‍ കിരണ്‍ ചന്ദ്രന്‍ അദ്ദേഹത്തിന്‍റെ ഫോണില്‍ നിന്നും അബദ്ധവശാല്‍ എന്‍റെ ഫെയ്സ്ബുക്കിലേക്ക് വന്ന ഒരു പോസ്റ്റ് എനിക്കും എന്‍റെ സഹപ്രവര്‍ത്തകര്‍ക്കും ഒരുപോലെ വേദനയുളവാക്കുന്നതായിരുന്നു.അശ്രദ്ധയായി പേജ് കൈകാര്യം ചെയ്തതിലുള്ള പിഴവിന് ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.

അനാവശ്യ തെറ്റിദ്ധാരണകള്‍ക്ക് കാരണമായ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.എന്‍.ഡി.എ മുന്നണിയുടെ അവിഭാജ്യ ഘടകമാണ് എന്നും ബി.ഡി.ജെ.എസ്.അതില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.കോന്നിയിലുള്‍പ്പെടെ എന്‍.ഡി.എ യ്ക്കുണ്ടായ വോട്ട് വര്‍ദ്ധനവ് ശുഭസൂചന തന്നെയാണ്.വരും തെരഞ്ഞെടുപ്പുകളില്‍ ഇപ്പോഴത്തെ കഷ്ടപ്പാടിനുള്ള ഫലം ലഭിക്കുക തന്നെ ചെയ്യും.നമുക്ക് ഒരുമിച്ച് ശക്തമായി മുന്നോട്ട് പോകാം.

തുഷാര്‍ വെള്ളാപ്പള്ളി

click me!