അരൂര്‍ ആര്‍ക്കൊപ്പം? പ്രതീക്ഷകളുമായി മുന്നണികള്‍

Published : Oct 19, 2019, 03:18 PM ISTUpdated : Oct 19, 2019, 06:53 PM IST
അരൂര്‍ ആര്‍ക്കൊപ്പം?  പ്രതീക്ഷകളുമായി മുന്നണികള്‍

Synopsis

ഇടതുമുന്നണിക്ക് ശക്തമായ വേരോട്ടം ഉള്ള മണ്ഡലമാണ് അരൂര്‍.മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന 15 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 10 തവണയും ഇടതുമുന്നണിയെ ജയിപ്പിച്ച് വിട്ട മണ്ണാണ് അരൂരിലേത്. മണ്ഡലം കാക്കാന്‍ എല്‍ഡിഎഫും പിടിച്ചെടുക്കാന്‍ യുഡിഎഫും നേര്‍ക്കുവരുമ്പോള്‍ ഇത്തവണ മണ്ഡലം ആര്‍ക്കൊപ്പം എന്നത് കണ്ടുതന്നെ അറിയണം. 

ഇടതുമുന്നണിക്ക് ശക്തമായ വേരോട്ടം ഉള്ള മണ്ഡലമാണ് അരൂര്‍. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തിലും എല്‍ഡിഎഫിന്‍റെ മാനം കാത്തത് അരൂര്‍ ഉള്‍പ്പെട്ട ആലപ്പുഴ മണ്ഡലമാണ്.  മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന 15 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 10 തവണയും ഇടതുമുന്നണിയെ ജയിപ്പിച്ച് വിട്ട മണ്ണാണ് അരൂരിലേത്. മണ്ഡലം കാക്കാന്‍ എല്‍ഡിഎഫും പിടിച്ചെടുക്കാന്‍ യുഡിഎഫും നേര്‍ക്കുവരുമ്പോള്‍ ഇത്തവണ മണ്ഡലം ആര്‍ക്കൊപ്പം എന്നത് കണ്ടുതന്നെ അറിയണം. 

അരൂര്‍ ആര്‍ക്കൊപ്പം ?

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കാഴ്ചവെച്ചെങ്കിലും ആലപ്പുഴ മാത്രം യുഡിഎഫിന് കൈപ്പിടിയില്‍ ഒതുങ്ങിയിരുന്നില്ല.പരാജയത്തിനിടയിലും കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ ഇടയാക്കിയത് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ എം ആരിഫിന് ഭൂരിപക്ഷം നല്‍കിയ അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ നേടിയ മേല്‍ക്കൈ ആയിരുന്നു. 648 വോട്ടുകളുടെ മേല്‍ക്കൈ ആണ് അരൂരില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാനിമോള്‍ ഉസ്മാന്‍ തന്നെയാണ് അരൂരിലെയും സ്ഥാനാര്‍ത്ഥി. ഇടതിന് അനുകൂലമായ അരൂരിന്‍റെ നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രമാണ് യുഡിഎഫിന്‍റെ മുമ്പിലെ വെല്ലുവിളി. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ മണ്ഡലത്തിലെ പരിചയവും  എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ ഇടത് അനുകൂല നിലപാട് യുഡിഎഫിന് വെല്ലുവിളിയാണ്. 

സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം മനു സി പുളിക്കലിലൂടെ അരൂര്‍ വീണ്ടും സ്വന്തമാക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എല്‍ഡിഎഫ് . സംസ്ഥാന സർക്കാരിന്‍റെയും എ എം ആരിഫിന്‍റെയും വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞുള്ള പ്രചരണം നേട്ടമുണ്ടാക്കുമെന്നാണ് ഇടതു പക്ഷത്തിന്‍റെ പ്രതീക്ഷ. എന്നാൽ ഏഴ് ശതമാനമുള്ള മുസ്ലീം വോട്ടുകൾ ഒന്നടങ്കം ഷാനിമോൾക്ക് അനുകൂലമാകുമോ എന്ന ഭയവും ഇടത് ക്യാമ്പിന് ഉണ്ട്. സ്ഥാനാര്‍ത്ഥിയുടെ മണ്ഡലത്തിലെ പരിചയവും മനു സി പുളിക്കലിന്‍റെ യുവനേതാവെന്ന പരിവേഷവും ഗുണകരമാകുമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്. ഈഴവ സമുദായ അംഗത്തെ അരൂരില്‍ സ്ഥാനാർത്ഥിയാക്കിയത് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. പ്രകാശ് ബാബുവാണ് അരൂരിലെ എന്‍ഡി എ സ്ഥാനാര്‍ത്ഥി. 

പഞ്ചായത്തുകളിലെ ഇടത് മേധാവിത്വം

കഴിഞ്ഞ പഞ്ചായത്ത്  തെരഞ്ഞെടുപ്പില്‍ അരൂരിലെ 10 മണ്ഡലങ്ങളില്‍ ഏഴും പിന്തുണച്ചത് എല്‍ഡിഎഫിനെ. അരൂക്കുറ്റി,അരൂര്‍, ചേന്നംപള്ളിപ്പുറം, കോടംതുരുത്ത്, പാണാവള്ളി, തൈക്കാട്ടുശ്ശേരി, തുറവൂര്‍ എന്നീ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ പെരുമ്പളം, കുത്തിയതോട്, എഴുപുന്ന തുടങ്ങിയ വെറും മൂന്ന് പഞ്ചായത്തുകള്‍ മാത്രമാണ് യുഡിഎഫിനെ പിന്തുണച്ചത്. ഇതുകൊണ്ടൊക്കെ തന്നെ അഞ്ച് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ഏറ്റവും പ്രതീക്ഷകള്‍ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് അൂര്‍.

എന്നാല്‍ കോൺഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളായ എഴുപുന്ന, കോടംതുരുത്ത്, പെരുമ്പളം പഞ്ചായത്തുകളിൽ പരാമവധി ഭൂരിപക്ഷം നേടി മുന്നേറാനുള്ള ശ്രമത്തിലാണ്  യുഡിഎഫ്. മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധം അരൂരിൽ കോൺഗ്രസ് സംഘടനാ സംവിധാനം ഉണർന്ന് പ്രവർത്തിച്ചത് യുഡിഎഫ് ക്യാംപിന്‍റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. മണ്ഡലം കാക്കാന്‍ ആരിഫിനെ പോലെ തന്നെ ജനകീയനായ മനു സി പുളിക്കലിന് ആകുമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണിയും. 

2016 ല്‍ നിന്ന് 2019 ലേക്ക് വരുമ്പോള്‍

 

 

അരൂരിന്‍റെ നിയമസഭാ ചരിത്രം

പി എസ് കാര്‍ത്തികേയന്‍, പി എസ് ശ്രീനിവാസന്‍, ഗൗരിയമ്മ, എ എം ആരിഫ് എന്നിവരാണ് അരൂരിനെ പ്രതിനിധീകരിച്ചത് ഇതുവരെ നിയമസഭയിലെത്തിയിട്ടുള്ളവര്‍. 1957 ലും 1960 ലും കോണ്‍ഗ്രസ് നേതാവ് പി എസ് കാര്‍ത്തികേയനാണ് അരൂരില്‍ നിന്ന് നിയമസഭയിലെത്തിയത്. കാര്‍ത്തികേയന്‍ ജയിച്ചതൊഴികെ മറ്റൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും അരൂരില്‍ നിന്ന് ജയിച്ചിട്ടില്ലെന്നത് ചരിത്രം.1965 ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഇടതുമുന്നണി ആദ്യമായി മണ്ഡലം പിടിച്ചെടുക്കുന്നത്, അതും നായിക ഗൗരിയമ്മയുടെ നേതൃത്വത്തില്‍. പിന്നീട് വന്ന രണ്ടുതെരഞ്ഞെടുപ്പുകളിലും (1967,1970) തുടര്‍ച്ചയായി ഗൗരിയമ്മ വിജയക്കൊടി പാറിച്ചു. 1977 ല്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഐ നേതാവ്  പി എസ് ശ്രീനിവാസന്‍ നിയമസഭയിലെത്തി.

പിന്നീട് നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും (1980,1982,1987,91,96,2001) ഗൗരിയമ്മ തന്നെ അരൂരിനെ പ്രതിനീധികരിച്ച് നിയമസഭയിലെത്തി. ജെഎസ്എസ് രൂപീകരണത്തിന് ശേഷം 96 ലും 2001 ലും കോണ്‍ഗ്രസ് പിന്തുണയോടെയാണ് ഗൗരിയമ്മ നിയമസഭയിലെത്തുന്നത്. 2006, 2011, 2016 തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന്‍റെ ജനകീയനായ നേതാവ് ആരിഫാണ് വിജയക്കൊടി പാറിച്ചത്. അരൂരിന്‍റെ ആറുപതിറ്റാണ്ടത്തെ ചരിത്രത്തിലെ ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് 2016 ല്‍ അഡ്വ എ എം ആരിഫ് വിജയിച്ചത്. 381519 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സി ആര്‍ ജയപ്രകാശിനെ ആരിഫ് തോല്‍പ്പിച്ചത്. 46201 വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയത്.

 

 

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്