'ആചാരം ലംഘിക്കാതെ യുവതികൾക്കും ശബരിമലയിൽ പോകാം': ഇടത് സ്ഥാനാർത്ഥി ശങ്കർ റൈ

By Web TeamFirst Published Oct 2, 2019, 11:38 AM IST
Highlights

''ഞാൻ ശബരിമലയിൽ പോയ ഒരാളാണ്. യഥാർത്ഥ വിശ്വാസമുള്ള കമ്മ്യൂണിസ്റ്റാണ്. അമ്പലക്കമ്മിറ്റി പ്രസിഡന്‍റാണ്. ഇതിനൊന്നും പാർട്ടിയിൽ നിന്ന് വിലക്കുണ്ടായിട്ടില്ല'', എന്ന് ശങ്കർ റൈ. 

കാസർകോട്: ശബരിമലയിൽ ആചാരം സംരക്ഷിച്ച് യുവതികൾക്കും പ്രവേശിക്കാമെന്ന് മഞ്ചേശ്വരത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി ശങ്കർ റൈ. ''ശബരിമലയിൽ വിശ്വാസമുള്ളവർക്ക് അവിടത്തെ ആചാരങ്ങളനുസരിച്ച് പോകാം. അത് പാലിച്ചില്ലെങ്കിൽ ഞാനോ, നിങ്ങളോ, നിങ്ങളുദ്ദേശിക്കുന്ന ആളുകളോ അവിടെ പോകരുത്'', എന്ന് കാസർകോട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ശങ്കർ റൈ പറഞ്ഞു. 

'ഞാൻ ശബരിമലയിൽ പോയ ഒരാളാണ്. യഥാർത്ഥ വിശ്വാസമുള്ള, വിശ്വാസിയായ കമ്മ്യൂണിസ്റ്റാണ്. അമ്പലക്കമ്മിറ്റി പ്രസിഡന്‍റാണ്. ഇതിനൊന്നും എന്‍റെ പാർട്ടിയിൽ നിന്ന് എനിക്ക് വിലക്കുണ്ടായിട്ടില്ല'', എന്ന് ശങ്കർ റൈ പറയുന്നു. 

''ശബരിമലയിൽ വിശ്വാസമുള്ളവർക്ക് അവിടത്തെ ആചാരങ്ങളനുസരിച്ച് പോകാമെന്ന് പറയുന്നയാളാണ് ഞാൻ. പോകണ്ടാ എന്ന് പറയുന്നില്ല. പക്ഷേ ശബരിമലയിലെ ആചാരത്തിന് ക്രമമുണ്ട്. അത് പാലിച്ച് പോകണം. അത് പാലിക്കാതെ ഞാനോ, നിങ്ങളോ, നിങ്ങളുദ്ദേശിക്കുന്നവരോ പോകരുത്. അത് തെറ്റ്'', ശങ്കർ റൈ പറയുന്നു. 

യുവതികൾക്ക് വ്രതാനുഷ്ഠാനങ്ങൾ പാലിച്ച് ശബരിമലയിൽ പ്രവേശിക്കാം എന്നാണ് ശങ്കർ റൈ പറയുന്നത്. ആചാരങ്ങൾ പക്ഷേ തട്ടിക്കളയരുത്. അതിനെതിരായി എന്തെങ്കിലും ചെയ്ത് ശബരിമലയിൽ പ്രവേശിക്കരുതെന്നും റൈ പറയുന്നു.

''യുവതികൾക്ക് വ്രതാനുഷ്ഠാനങ്ങൾ പാലിച്ച് ശബരിമലയിൽ പ്രവേശിക്കാം. എന്നാൽ അത് തട്ടിക്കളഞ്ഞ് പോകാൻ പാടില്ല. അതിനെതിരായി നിന്ന് പോകാൻ പാടില്ല. അങ്ങനെ തന്നെയാണ് എന്‍റെ പ്രസ്ഥാനത്തിന്‍റെയും അഭിപ്രായം. കോടതിവിധി നടപ്പാക്കണം. അത് ഞാൻ ചിന്തിക്കണ്ട കാര്യമില്ല. സർക്കാർ ചിന്തിച്ചോളും. ശബരിമലയിൽ സ്ത്രീകൾ പോകുന്നോ പോകുന്നില്ലേ എന്നതല്ല പ്രശ്നം. അവിടത്തെ ആചാരങ്ങൾ പാലിച്ചേ പോകാവൂ. അതിനെ മറികടന്ന് പോകുന്നത് ശരിയല്ല. സുപ്രീംകോടതി വിധിയെ അനുകൂലിച്ചാലും പ്രതികൂലിച്ചാലും അത് നടപ്പാക്കിയേ പറ്റൂ. ആചാരം ലംഘിക്കാതെ ആചാരങ്ങളനുസരിച്ചേ യുവതികൾ പോകാവൂ എന്ന് മാത്രം'', എന്ന് ശങ്കർ റൈ ഏഷ്യാനെറ്റ് ന്യൂസിനോട്. 

click me!