Christmas New Year Bumper : ക്രിസ്മസ് ബമ്പർ വിൽപ്പന റെക്കോർഡിലേക്ക്, ഇതുവരെ വിറ്റത് 35 ലക്ഷത്തോളം ടിക്കറ്റുകൾ

By Web TeamFirst Published Jan 10, 2022, 8:51 AM IST
Highlights

300 രൂപയാണ്  ക്രിസ്തുമസ് ബമ്പർ ടിക്കറ്റ് വില. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.

തിരുവനന്തപുരം: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പർ(Christmas New Year Bumper) ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്. ഇതുവരെ അച്ചടിച്ച 41.34 ലക്ഷം ടിക്കറ്റിൽ 35.34 ലക്ഷം ടിക്കറ്റുകളും വിറ്റുകഴിഞ്ഞുവെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ ടിക്കറ്റുകൾ അടിക്കാനും ലോട്ടറി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 16 നാണ് നറുക്കെടുപ്പ്. 

24 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ആദ്യം അച്ചടിച്ചത്. മുഴുവനും വിറ്റ‍തോടെ 9 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടി‍ച്ചു. ഇതും വിറ്റ് തീർന്നതോടെ 8.34 ലക്ഷം ടിക്കറ്റുക‍ൾ കൂടി അച്ചടിക്കുകയും ഇതിൽ, 2.34 ലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റഴിയുകയും ചെയ്തു. കഴിഞ്ഞ തവണ ക്രിസ്തുമസ് ബമ്പർ ടിക്കറ്റുകൾ അച്ചടിച്ചതിൽ സാധുവായ മുഴുവൻ ടിക്കറ്റുകളും  വിറ്റഴിഞ്ഞിരുന്നു.

300 രൂപയാണ്  ക്രിസ്തുമസ് ബമ്പർ ടിക്കറ്റ് വില. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 3 കോടി (50 ലക്ഷം വീതം 6 പേർക്ക്), മൂന്നാം സമ്മാനം 60 ലക്ഷം (10 ലക്ഷം വീതം 6 പേർക്ക്). തമിഴ്‌നാട് തിരുനൽവേലി ഇരവിയധർമപുരം സ്വദേശിയായ ഷറഫുദ്ദീനാണ് കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് ബമ്പർ വിജയി. ലോട്ടറി വിൽപ്പനക്കാരനായ ഷറഫുദ്ദീൻ വിൽക്കാൻ വാങ്ങിയതിൽ മിച്ചം വന്ന ഒരു ടിക്കറ്റിനാണ് കോടികളുടെ ഭാഗ്യം അടിച്ചത്. സബീനയാണ് ഷറഫുദ്ദീന്റെ ഭാ​ര്യ. ആര്യങ്കാവിലാണ് സബീനയുടെ വീട്.  മകൻ പർവേഷ് മുഷറഫ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. 

click me!