
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നാളെ നടത്താനിരുന്ന തിരുവോണം ബമ്പർ BR 105 നറുക്കെടുപ്പ് മാറ്റിവച്ചു. പകരം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4ന് നടക്കും. ലോട്ടറി വകുപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചായിരുന്നു താരുമാനം.
സെപ്റ്റംബര്‍ 27 ശനിയാഴ്ച വൈകുന്നേരം 2 മണിക്കാണ് ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ നറുക്കെടുക്കാന്‍ നിശ്ചയിച്ചിരുന്നത്. ലോട്ടറിയില്‍ ജിഎസ്ടി വര്‍ദ്ധനവ് നടപ്പാക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ചര്‍ച്ചകളുണ്ടായിരുന്നു. തല്ക്കാലം ജിഎസ്ടി കൂട്ടേണ്ടതില്ലെന്ന തീരുമാനവും വന്നു. എങ്കിലും ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നിലനിന്നിരുന്നു. കൂടാതെ മഴ കാരണം ടിക്കറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചില്ലെന്ന് ഏജന്‍റുകാരും വില്പനക്കാരും അറിയിക്കുകയുമായിരുന്നു.
500 രൂപയാണ് ഒരു തിരുവോണം ബമ്പർ ടിക്കറ്റിന്റെ വില. 25 കോടി ഒന്നാം സമ്മാനമായി ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിക്കുന്നത്. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ തേടി എത്തും.
അതേസമയം, ഇന്ന് നറുക്കെടുത്ത സുവര്‍ണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനം RS 648907 എന്ന നമ്പറിനാണ് ലഭിച്ചത്. ഒരുകോടിയാണ് വിജയിക്ക് ലഭിക്കുക.