നമ്പര്‍ തിരുത്തിയ ടിക്കറ്റുകള്‍ നല്‍കി പണം വാങ്ങി; കയ്യോടെ പിടികൂടി ലോട്ടറി വില്‍പ്പനക്കാരന്‍

By Web TeamFirst Published Mar 16, 2020, 2:31 PM IST
Highlights

നമ്പര്‍ തിരുത്തിയ ലോട്ടറി ടിക്കറ്റുകള്‍ നല്‍കി പണം തട്ടിയ യുവാവിനെ ലോട്ടറി വില്‍പ്പനക്കാരന്‍ പിന്തുടര്‍ന്ന് പിടികൂടി. 

ആലുവ: നമ്പര്‍ തിരുത്തിയ ലോട്ടറി ടിക്കറ്റുകള്‍ നല്‍കി 900 രൂപ കബളിപ്പിച്ചയാളെ ലോട്ടറി വില്‍പ്പനക്കാരന്‍ പിന്തുടര്‍ന്നു പിടികൂടി. തോട്ടുമുഖത്ത് ലോട്ടറി വില്‍പ്പന നടത്തുന്ന എടയപ്പുറം നേച്വര്‍ കവല ചിറ്റത്തുകാട്ടില്‍ സിഎസ് റസാഖിനെയാണ് യുവാവ് കബളിപ്പിച്ചത്.

കാറിലെത്തിയ യുവാവ് 100 രൂപ സമ്മാനത്തുകയുള്ള 9 ടിക്കറ്റുകള്‍ റസാഖിന് നല്‍കി. ചെറിയ സമ്മാനത്തുക ആയതിനാല്‍ റസാഖ് അപ്പോള്‍ തന്നെ പണം നല്‍കി. പിന്നീട് മൊബൈല്‍ ഫോണില്‍ സ്കാന്‍ ചെയ്തപ്പോഴാണ് എല്ലാ ടിക്കറ്റിലും 3 എന്ന അക്കം 8 ആയി തിരുത്തിയെന്ന് കണ്ടെത്തിയത്.

ടിക്കറ്റിന്‍റെ സമ്മാനത്തുക നല്‍കുന്നതിനിടെ കാറിന്‍റെ നമ്പര്‍ ശ്രദ്ധിച്ചതിനാല്‍ കാര്‍ പോയ വഴിയേ റസാഖ് സ്കൂട്ടറില്‍ പോകുകയായിരുന്നു. ഒരു ഹോട്ടലിന് മുമ്പില്‍ കാര്‍ നിര്‍ത്തിയത് കണ്ട് ഹോട്ടലിന് അകത്തു കയറിയ റസാഖ് തട്ടിപ്പുകാരനെ കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോക്കറ്റില്‍ നിന്ന് പണമെടുത്ത് നല്‍കുന്നത് പോലെ അഭിനയിച്ച ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയ റസാഖ് കാറിന്‍റെ താക്കോലിലും പണത്തിലും പിടിമുറുക്കി. ഇതിനിടെ നിലത്തു വീണ 850 രൂപ റസാഖിന് ലഭിച്ചെങ്കിലും കാറിന്‍റെ താക്കോലുമായി തട്ടിപ്പുകാരന്‍ കടന്നു കളഞ്ഞു. പ്രതിയുടെ കാര്‍ നമ്പര്‍ ഉള്‍പ്പെടെ റസാഖ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിശ്ശബ്ദം നിശ്ചലമീലോകം; കൊറോണാ കാലത്തെ കാഴ്ചകള്‍

  

click me!