കാണാതായ മകനെ തേടി ഒരു പിതാവ്; തിരച്ചിലിന് തൊഴിലായി തെരഞ്ഞെടുത്തത് ലോട്ടറി കച്ചവടം

By Web TeamFirst Published Jun 9, 2020, 5:08 PM IST
Highlights

എവിടെയെങ്കിലും വച്ച് മകനെ കണ്ടാലോ എന്ന പ്രതീക്ഷയിൽ അദ്ദേഹം ഓരോ ദിവസവും പല വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. സ്വാമിക്ക് ഒരു മകൾ കൂടി ഉണ്ട്. അവരിപ്പോൾ തിരുനെൽവേലിയിൽ ഭർത്താവിനൊപ്പം താമസിക്കുകയാണ്. 

തിരൂർ: തിരുനെല്‍വേലി സ്വദേശിയായ കൈലാസ സ്വാമി ലോട്ടറി വിൽപ്പന ആരംഭിച്ചത് ജീവനോപാധി എന്ന നിലയിലല്ല. മറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ തന്റെ സൗഭാ​ഗ്യത്തെ കണ്ടെത്തുന്നതിന് വേണ്ടിയാണ്. ആളുകൾ അദ്ദേഹത്തിന്റെ പക്കലുള്ള ടിക്കറ്റുകളിൽ നിന്ന് ഭാ​ഗ്യം തിരയുമ്പോൾ കൈലാസ സ്വാമി സ്വന്തം മകനെ അന്വേഷിക്കും. വീടുവിട്ടുപോയ മകനെ എവിടെയെങ്കിലും കണ്ടെത്താമെന്നുള്ള പ്രതീക്ഷയിൽ ദിവസേന കിലോമീറ്ററുകളോളം നടന്നാണ് ഈ പിതാവ് ലോട്ടറി വിൽക്കുന്നത്.

15-ാം വയസിലാണ് കൈലാസ സ്വാമിയുടെ മകൻ സബ്രഹ്മണ്യം വീടുവിട്ടു പോകുന്നത്. ചെറിയൊരു പിണക്കം പോലും ഇല്ലാതിരുന്നിട്ടും മകൻ തങ്ങളെ എന്തിനാണ് ഉപേക്ഷിച്ച് പോയതെന്ന് സ്വാമിക്ക് ഇപ്പോഴും അറിയില്ല. മകനെക്കാണാതായി അഞ്ചു വർഷം കഴിഞ്ഞപ്പോൾ ഭാര്യയും സ്വാമിയെ വിട്ടുപോയി. 

മകൻ പാലക്കാട് ഉണ്ടെകുമെന്ന പ്രതീക്ഷയിൽ അവിടെ കുറേനാൾ തിരഞ്ഞു. പിന്നീട് തിരച്ചിലിനു പറ്റിയ തൊഴിലായി ലോട്ടറി വിൽപനയും തുടങ്ങി. കേരളത്തിലെ പല ജില്ലകളിലും മകനെ തേടി അലഞ്ഞ ശേഷമായിരുന്നു സ്വാമി തിരൂർ എത്തിയത്. ഇപ്പോൾ തൃപ്രങ്ങോട് ക്ഷേത്രത്തിന് സമീപം വാടകമുറിയിൽ താമസിക്കുന്ന സ്വാമി പുലർച്ചെ 5മണിക്ക് എഴുന്നേറ്റ് നടപ്പുതുടങ്ങും. പിന്നീട് സമീപത്തെ കടയിൽ നിന്ന് ലോട്ടറി ടിക്കറ്റുകൾ വാങ്ങി  തിരൂർ, തിരുനാവായ, കൊടക്കൽ, എടക്കുളം, പയ്യനങ്ങാടി എന്നിവിടങ്ങൾ പിന്നിട്ട് രാത്രി തിരിച്ചെത്തുമ്പോഴേക്കും കിലോമീറ്ററുകൾ നടന്നുകഴിഞ്ഞിരിക്കും. 

എവിടെയെങ്കിലും വച്ച് മകനെ കണ്ടാലോ എന്ന പ്രതീക്ഷയിൽ അദ്ദേഹം ഓരോ ദിവസവും പല വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. സ്വാമിക്ക് ഒരു മകൾ കൂടി ഉണ്ട്. അവരിപ്പോൾ തിരുനെൽവേലിയിൽ ഭർത്താവിനൊപ്പം താമസിക്കുകയാണ്. വല്ലപ്പോഴും മകളെ കാണാൻ പോകുന്ന സമയം പോയിട്ട് ബാക്കി ദിവസങ്ങളെല്ലാം സ്വാമി മകനെ അന്വേഷിച്ചു നടക്കും. തന്റെ അടുത്തേക്ക് ഭാ​ഗ്യം തേടി എത്തുന്നവരിൽ എന്നെങ്കിലും മകന്റെ മുഖം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ  ഓരോ ദിവസവും തള്ളി നീക്കുകയാണ് ഈ മധ്യവയസ്കൻ.

click me!