സിനിമാ തിരക്കുകളില്ല; ലോട്ടറി ടിക്കറ്റുമായി ഭാ​ഗ്യാന്വേഷികളെ തേടി ഷൺമുഖൻ !

By Web TeamFirst Published Sep 2, 2020, 4:34 PM IST
Highlights

വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെ തിരശ്ശിലയിലേക്ക് എത്തിയാളാണ് ചേർത്തല സ്വദേശിയായ ഷൺമുഖൻ. 

മൂവാറ്റുപുഴ: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ദുരിതത്തിലായ ഒരു വിഭാ​ഗമാണ് സിനിമാ പ്രവർത്തകർ. ലോക്ക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ സിനിമാ ഷൂട്ടിങ്ങുകൾ ആരംഭിച്ചുവെങ്കിലും ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്. ഇതിനിടയിൽ ലോട്ടറി ടിക്കറ്റുമായി തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണ് ഷൺമുഖൻ എന്ന നടൻ.

വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെ തിരശ്ശിലയിലേക്ക് എത്തിയാളാണ് ചേർത്തല സ്വദേശിയായ ഷൺമുഖൻ. ഇതുവരെ ഇരുപതോളം സിനിമകളിൽ അദ്ദേഹം വേഷമിട്ടു. കൊവിഡിനിടെ ഷൂട്ടിം​ഗുകൾ നിലച്ചതോടെയാണ് ഭാഗ്യം വിൽക്കാനായി ഷൺമുഖൻ ഇറങ്ങിത്തിരിച്ചത്. 

എല്ലാ ദിവസവും പള്ളുരുത്തിയിൽ നിന്ന് മൂവാറ്റുപുഴയിൽ എത്തിയാണ് ഷൺമുഖൻ ലോട്ടറി വിൽക്കുന്നത്. നഗരത്തിന്റെ മുക്കിലും മൂലയിലും കാൽനടയായി ഷൺമുഖൻ എത്തി ടിക്കറ്റ് വിൽക്കും. തന്നേക്കാൾ ദുരിതം അനുഭവിക്കുന്നരെ കണ്ടാൽ ഒരു ലോട്ടറി ടിക്കറ്റ് ഭാഗ്യപരീക്ഷണത്തിന് സൗജന്യമായി നൽകുന്ന പതിവും ഷൺമുഖനുണ്ട്.

അമ്മ മാത്രമാണ് നാൽപത്തേഴുകാരനായ ഷൺമുഖന് ആകെ കൂട്ടായി ഉണ്ടായിരുന്നത്. എന്നാൽ, അമ്മ മരിച്ചതോടെ അദ്ദേഹം തനിച്ചായി. ഇപ്പോൾ പള്ളുരുത്തിയിലുള്ള സുഹൃത്തിനൊപ്പമാണ് ഷൺമുഖന്റെ താമസം.

click me!