വമ്പൻ വിൽപ്പന, നാട്ടിലെങ്ങും പൊടിപോലുമില്ല! തിരുവോണം ബമ്പർ നറുക്കെടുപ്പ് തീയതി നീട്ടിയത് ഗുണമായി, ടിക്കറ്റ് കിട്ടാനില്ല, തീർന്നുപോയെന്ന് വ്യാപാരികൾ

Published : Oct 04, 2025, 09:44 AM IST
Thiruvonam Bumper

Synopsis

ആകെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വിൽപ്പന നടന്നത്. 14 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ജില്ലയിൽ മാത്രം വിറ്റുപോയത്

തിരുവനന്തപുരം: കനത്ത മഴ കാരണം സെപ്തംബർ 27 ന് നടക്കേണ്ട നറുക്കെടുപ്പ് ഇന്നത്തേക്ക് നീട്ടിയത് തിരുവോണം ബമ്പറിന് ഗുണമായി. നറുക്കെടുപ്പ് ഒരാഴ്ച നീണ്ടതോടെ ബമ്പർ ടിക്കറ്റ് എല്ലാം വിറ്റുപോയ അവസ്ഥയിലാണ്. നാട്ടിലെങ്ങും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. തിരുവോണം ബമ്പർ മുഴുവൻ വിറ്റു തീർന്നെന്നാണ് വ്യാപാരികൾ പറയുന്നത്. കൂടുതൽ സമയം കിട്ടിയത് കൊണ്ടാണ് ഇത്രയും ടിക്കറ്റുകൾ വിൽക്കാനായതെന്നും വ്യാപാരികൾ വിവരിക്കുന്നു. തലസ്ഥാന ജില്ലയിൽ ഒരു ടിക്കറ്റ് പോലും കിട്ടാനില്ലാത്ത അവസ്ഥയാണെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. മറ്റ് ജില്ലകളിലെ അവസ്ഥയും മറിച്ചല്ല. ആകെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വിൽപ്പന നടന്നത്. 14 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ജില്ലയിൽ മാത്രം വിറ്റുപോയത്.

നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക്, 25 കോടിയുടെ ഭാഗ്യശാലി ആരാകും

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് നടക്കും. ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുന്ന തിരുവോണം ബമ്പറിന്‍റെ നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ്. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുക്കുന്നത്. 500 രൂപ വിലയുള്ള ടിക്കറ്റിന് ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. ആന്‍റണി രാജു എം എല്‍ എ അധ്യക്ഷനായിരിക്കും. വി കെ പ്രശാന്ത് എം എല്‍ എ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുൻ പ്രേംരാജ് എന്നിവർ സന്നിഹിതനായിരിക്കും. തിരുവോണം ബമ്പർ നറുക്കെടുപ്പിനൊപ്പം പൂജാ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും മന്ത്രി നിർവ്വഹിക്കും. 12 കോടി രൂപയാണ് പൂജാ ബമ്പറിന്‍റെ ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില.

ഓണം ബമ്പറിന്‍റെ സമ്മാനഘടന

കഴിഞ്ഞ തവണ പോലെ ഇത്തവണയും ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു എന്നതാണ് തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കുന്നു. ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിൻ്റെ പ്രകാശനം ജൂലൈ 28-നാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

ഒരുകോടി ആരുടെ കീശയിൽ ? ലക്ഷാധിപതികൾ ആരെല്ലാം ? അറിയാം സുവർണ കേരളം ലോടട്ടറി ഫലം
Karunya Plus KN.600 lottery result: 50 രൂപ മുടക്കിയാൽ കീശയിൽ ഒരുകോടി ! അറിയാം കാരുണ്യ പ്ലസ് KN 600 ലോട്ടറി ഫലം