Latest Videos

Thiruvonam Bumper : 'ഞാനിടാം, നീയിടുമോ?' ടിക്കറ്റ് നിരക്ക് കൂട്ടിയതോടെ ഓണം ബമ്പര്‍ പങ്കുകച്ചവടം ഉഷാര്‍!

By Web TeamFirst Published Jul 26, 2022, 11:51 AM IST
Highlights

ബമ്പർ ടിക്കറ്റിന്റെ വില വർദ്ധിച്ചതിനാൽ  ഷെയറിട്ട് ടിക്കറ്റെടുക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്ന് കച്ചവടക്കാർ

തിരുവനന്തപുരം:  ഒരാഴ്ച മുമ്പാണ് കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ(Thiruvonam Bumper) ലോട്ടറിയുടെ വിൽപ്പന ആരംഭിച്ചത്. കേരള ഭാ​ഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയാണ് ഒന്നാം സമ്മാനം. അതുകൊണ്ട് തന്നെ വിൽപ്പന ആരംഭിച്ച് ഒരാഴ്ച കഴിയുമ്പോൾ റെക്കോർഡ് വിൽപ്പനയാണ് നടക്കുന്നത്. ഇത്തവണ ബമ്പർ ടിക്കറ്റിന്റെ വില വർദ്ധിച്ചതിനാൽ  ഷെയറിട്ട് ടിക്കറ്റെടുക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്ന് കച്ചവടക്കാർ പറയുന്നു.

ഈ വര്‍ഷത്തെ ഓണം ബമ്പർ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വില 500 രൂപയാണ്. കഴിഞ്ഞ വർഷം വരെ 250 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. അതുകൊണ്ട് തന്നെ ദിവസ വേതനക്കാർക്ക് 500 രൂപ മുടക്കി ലോട്ടറി എടുക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. ഈ അവസരത്തിലാണ് പൈസ ഷെയറിട്ട് ടിക്കറ്റുകളെടുക്കാൻ ആളുകൾ തയ്യാറാകുന്നതെന്ന് കച്ചവടക്കാർ പറയുന്നു. മുൻ വർഷങ്ങളിലും ഇത്തരത്തിൽ ഷെയറിട്ട് ബമ്പർ ടിക്കറ്റുകളെടുക്കുന്ന പതിവുണ്ടെങ്കിലും ഇത്തവണ അത് വർദ്ധിച്ചുവെന്നതാണ് വാസ്തവം.  സമ്മാനത്തുക വർദ്ധിച്ചതോടെ മികച്ച വിൽപ്പന നടക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാരും ഏജൻസികളും. 

അതേസമയം, വിൽപ്പന ആരംഭിച്ച് ഒരാഴ്ചയ്ക്ക് ഉള്ളിൽ 10.5 ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റുകളാണ് വിറ്റ് പോയിരിക്കുന്നത്.  90 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാനാണ് സർക്കാർ ലോട്ടറി വകുപ്പിന് നിർദ്ദേശം നൽകിയിരിക്കുന്നത്. അഞ്ച് കോടി രൂപയാണ് തിരുവോണം ബമ്പറിന്‍റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്കും ലഭിക്കും. സെപ്തംബര്‍ 18നാണ് ടിക്കറ്റിന്റെ നറുക്കെടുപ്പ്. ഓണം ബമ്പര്‍ നറുക്കെടുപ്പിലൂടെ 40 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടൽ. കഴിഞ്ഞ വർഷം 57 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. 

Kerala lottery thiruvonam bumper: റെക്കോർഡ് ഇട്ട് ബമ്പർ വില്പന, ഒരാഴ്ചക്കുള്ളിൽ വിറ്റത് 10.5 ലക്ഷം ടിക്കറ്റുകൾ

ഓണം ബമ്പർ കൂറെക്കൂടി ആകർഷകമാക്കാൻ സമ്മാനത്തുക ഉയർത്തണമെന്ന നിർദ്ദേശം നേരത്തെ തന്നെ ഉയർന്നിരുന്നു. 25 കോടിയായോ, 50 കോടിയായോ തുക ഉയർത്താമെന്നായിരുന്നു ലോട്ടറി വകുപ്പിന്റെ ശുപാർശ. 25 കോടിയെന്ന നിർദ്ദേശം ധനവകുപ്പ് അംഗീകരിക്കുകയായിരുന്നു. ഒരു ടിക്കറ്റ് വിറ്റാൽ കമ്മീഷനായി കിട്ടുക 96 രൂപയായിരിക്കും. 58 രൂപയായിരുന്നു കഴിഞ്ഞ തവണ ഒരു ടിക്കറ്റിനുള്ള കമ്മീഷൻ. 

click me!