നിങ്ങൾ ക്രിസ്മസ് ബംപർ എടുത്തോ ? ഷെയറിട്ടാണോ ടിക്കറ്റെടുത്തത് ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

By Web TeamFirst Published Jan 19, 2023, 10:34 AM IST
Highlights

ബംപർ ടിക്കറ്റിന്റെ വില 400 രൂപ ആയതോടെ ഷെയറിട്ട് ടിക്കറ്റെടുക്കുന്നവരുടെ എണ്ണത്തിലാണ് വർധനവ്.

തിരുവനന്തപുരം:  കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയുമായാണ് ഇത്തവണത്തെ ക്രിസ്മസ്- ന്യു ഇയർ ബംപർ എത്തിയത്. 16 കോടിയാണ് ഒന്നാം സമ്മാനം. ആരാകും ആ കോടിപതി എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. അവസാന ഘട്ടത്തിലും ബംപർ ടിക്കറ്റെടുക്കാനുള്ള തിരക്കുകൾ കടകളിൽ ദൃശ്യമാണ്. ഒറ്റയ്ക്ക് ലോട്ടറി എടുക്കുന്നവരും ഷെയറിട്ട് ടിക്കറ്റ് വാങ്ങിയവരും ഇക്കൂട്ടത്തിൽ ഉണ്ടാകും.

ബംപർ ടിക്കറ്റിന്റെ വില 400 രൂപ ആയതോടെ ഷെയറിട്ട് ടിക്കറ്റെടുക്കുന്നവരുടെ എണ്ണത്തിലാണ് വർധനവ്. ഇത്തരത്തിൽ ഷെയറിട്ട് ടിക്കറ്റെടുക്കുന്നവർക്ക് സമ്മാനമടിച്ചാൽ എന്ത് ചെയ്യും ?. നിയമപരമായി ലോട്ടറികൾ കൂട്ടം ചേർന്ന് എടുക്കുന്നതിന് തടസ്സങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറാൻ ലോട്ടറി വകുപ്പിന് സാധിക്കില്ല. അതുകൊണ്ട് തന്നെ ഷെയറിട്ട് ടിക്കറ്റെടുക്കുന്നവരിൽ ഒരാൾക്കാകും സമ്മാനത്തുക കൈമാറുക.  

  • ഒന്നിൽ കൂടുതൽ പേർ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കിൽ, ഇവരിൽ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏർപ്പെടുത്തണം. 
  • 50 രൂപയുടെ മുദ്ര പത്രത്തിൽ ഇയാൾ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്. 
  • ഈ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്.
  • ജോയിന്റ് അക്കൗണ്ട് തുടങ്ങിയ ശേഷം തുക കൈപ്പറ്റാൻ ഒരാളെ ഏർപ്പാട് ചെയ്യുകയും ആകാം. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേരുള്ള എല്ലാവരുടേയും വിശദാംശങ്ങൾ ലോട്ടറി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.

അതേസമയം, ഇത്തവണ 33 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാ​​ഗവും ഇതിനോടകം വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം അച്ചടിച്ച 47,40,000 ക്രിസ്മസ് ബംപർ ടിക്കറ്റിൽ 4,000 മാത്രമാണ് ബാക്കിയായത്. ഇത്തവണ ടിക്കറ്റ് വില കൂടിയതിനാലാണ് വില്പനയിൽ കുറവുണ്ടായതെന്നാണ് കച്ചവടക്കാർ പറയുന്നത്. 

16 കോടി ആർക്ക് സ്വന്തം ? ക്രിസ്മസ്- ന്യു ഇയർ ബംപർ നറുക്കെടുപ്പ് ഇന്ന്

click me!