ഭൂമിയോ വീടോ ഇല്ല, പട്ടിണി മാത്രം; ജീവിക്കാൻ ഭാഗ്യം വിറ്റ് ശോഭന

By Web TeamFirst Published Aug 14, 2022, 1:00 PM IST
Highlights

മരിക്കുന്നതിനുമുമ്പ് ഒരു തുണ്ടു ഭൂമിയും ചെറിയ വീടും വാങ്ങണം എന്നതാണ് ശോഭനയുടെ ആഗ്രഹം. അതു മാത്രമാണ് സ്വപ്നമെന്നും ശോഭന...

ആലപ്പുഴ: ജീവിക്കാൻ ഭാഗ്യം വിൽക്കുകയാണ് ശോഭന. നിത്യവൃത്തിയ്ക്ക് അവസാന വഴിയായി തിരഞ്ഞെടുത്ത ലോട്ടറി കച്ചവടത്തിന് ലോക്ക് ഡൗണ്‍ വിലങ്ങ് തടിയായി മാറിയതോടെ പട്ടിണിയുടെ വക്കിലെത്തിയ ജീവിതം തിരിച്ചുപിടിക്കാനുളള ശ്രമത്തിലാണ് ഇവരിപ്പോള്‍. മൊത്ത ഏജൻസിയിൽ നിന്ന് ലോട്ടറി വാങ്ങി വിൽപ്പനയ്ക്കായി ദിവസേന ശോഭന കിലോമീറ്ററുകൾ നടക്കും. ഒരു ദിവസം പരമാവധി 40-50 ടിക്കറ്റുകൾവരെയാണ് വിൽക്കുന്നത്.

പലപ്പോഴും വിൽക്കാനാകാത്ത ടിക്കറ്റുകൾ കൈകളിൽ കുടുങ്ങുമ്പോൾ വീണ്ടും വലിയ നഷ്ടമാണുണ്ടാവുക. ജീവിതത്തിൽ ഇതുവരെ കിടക്കാൻ ഒരു തുണ്ടു ഭൂമിയോ വീടോ സ്വന്തമാക്കാന്‍ ശോഭനയ്ക്കായിട്ടില്ല. എങ്കിലും ഭാഗ്യം തേടിയുള്ള യാത്രയിലാണീ അമ്പത്തെട്ടുകാരി. ചേർത്തല നഗരസഭ രണ്ടാം വാർഡ് പുതുപ്പള്ളി പി എസ് ശോഭന ഇപ്പോൾ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ആറാം വാർഡിലാണ് താമസം. വാടക വീടുകളിൽ അഭയം തേടിയുള്ള യാത്രകൾക്കിടയിൽ മഹാമാരിയുടെ ആഘാതം ശോഭനെയെയും കുടുംബത്തേയും വല്ലാതുലച്ചു. 

ആദ്യഘട്ടത്തിൽ ചെറുതായെങ്കിലും കിട്ടിയ സഹായങ്ങളിൽ പിടിച്ചുനിന്നു. എന്നാല്‍ വീണ്ടും കൊവിഡ് വ്യാപനം വന്നതോടെ  രണ്ടുമാസം പട്ടിണിയുടെ പടിവാതിൽക്കലായി. അന്ന് സഹായമായത് സര്‍ക്കാരിന്‍റേയും വിവിധ സംഘടനകളുടേയും ഭക്ഷ്യകിറ്റുകളാണ്. ലോക്ഡൗൺ മാറിയതോടെ  ഇപ്പോൾ ഭക്ഷ്യക്കിറ്റ് ലഭിയ്ക്കുന്നതും ഇല്ലാതായി.  ഇതോടെ വീണ്ടും ലോട്ടറി ടിക്കറ്റെടുക്കാൻ പണത്തിനായി ബുദ്ധിമുട്ടുകയാണിവർ.

ഒരു തുണ്ടു ഭൂമിയും ചെറിയ വീടും മരിക്കുന്നതിനുമുമ്പ് വാങ്ങണം എന്നതാണ് ശോഭനയുടെ ആഗ്രഹം. അതു മാത്രമാണ് സ്വപ്നമെന്നും ശോഭന നിറമിഴികളോടെ പറഞ്ഞു. 30 വർഷമായി ഭർത്താവുപേക്ഷിച്ചു കഴിയുന്ന ഇവർക്കു സഹായം സന്നദ്ധ സംഘടനകൾ മാത്രമാണ്. ഏഴു വർഷത്തിനുള്ളിൽ ആറു വീടുകളിലായി മാറി വാടകയ്ക്ക് താമസിച്ചു. കൊവിഡ് വില്ലനായതോടെ വാടക കൊടുക്കാൻപോലും മറ്റുള്ളവരുടെ നേരെ കൈനീട്ടുകയാണ് ശോഭന.

click me!