
കണ്ണൂര്‍:പൊതു പ്രവർത്തകൻ ജോബി പീറ്ററിനെ സി പി എം ആലപ്പടമ്പ ലോക്കൽ സെക്രട്ടറി ടി വിജയൻ ഭീഷണിപ്പെടുത്തുന്ന കൂടുതൽ ശബ്ദ സന്ദേശം പുറത്ത്."പാർട്ടിയെ വെല്ലുവിളിക്കാൻ ആരും വളർന്നിട്ടില്ല. എം എൽ എ യെ അപമാനിച്ചതിൽ ഇനിയൊരു കോംപ്രമൈസ് ഇല്ല. ബാക്കി കാര്യങ്ങൾ ആ രീതിയിൽ കൈകാര്യം ചെയ്യും. ജനകീയ സമരമെന്ന് കരുതി ക്ഷമിച്ചു. ഭയപ്പെടുത്താമെന്ന് കരുതണ്ട"
എന്നാണ് ഭീഷണി. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് സമര സമിതി പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട് .ഗൃഹസന്ദർശന പരിപാടിയിൽ ടി ഐ മധുസൂദനൻ എം എൽ പങ്കെടുക്കാത്തത് മത്സ്യ സംസ്കരണ ഫാക്ടറിക്കെതിരായ സമരക്കാരുടെ പ്രതിഷേധം ഭയന്നാണ് എന്ന ഓൺലൈൻ വാർത്ത വാട്സാപ്പ് ഗ്രൂപ്പിൽ പങ്കു വെച്ചതിനാണ് ലോക്കൽ സെക്രട്ടറി പൊതു പ്രവർത്തകനെ ഭീഷണിപ്പെടുത്തിയത്.
കണ്ണൂർ ആലപ്പടമ്പിലെ മൽസ്യ സംസ്കരണ യൂണിറ്റ് പ്രദേശ വാസികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് ആരോപിച്ചണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്. സി പി എം അംഗങ്ങളടക്കം സമരത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് സമര സമിതി പറയുന്നത്.
മത്സ്യ സംസ്കരണ യൂണിറ്റിന് അനുമതി വാങ്ങിക്കൊടുക്കുന്നതിൽ എം എൽ എയ്ക്കും പങ്കുണ്ടെന്നും ഇവർ പറയുന്നു. സി പി എം സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരമുള്ള ഗൃഹ സന്ദർശന പരിപാടിക്ക് പ്രദേശത്ത് എത്തിയാൽ പ്രതിഷേധമുണ്ടാകുമെന്ന് ഭയന്ന് എം എൽ എ പിന്മാറി എന്നായിരുന്നു ഓൺലൈൻ വാർത്ത. ഈ വാർത്ത സമരസമിതിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തതിനാണ് ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തിയത്.
എന്നാൽ നേരിട്ട് അറിയുന്നയാളെ ഫോണിലൂടെ ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലല്ലോയെന്ന് ലോക്കൽ സെക്രട്ടറി ടി വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.എം എൽ എ ക്കെതിരെ പ്രവർത്തിക്കുന്നത് ചോദ്യം ചെയ്യുകയാണ് താൻ ചെയ്തതെന്നും ലോക്കൽ സെക്രട്ടറി വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam