
ദില്ലി:ട്വന്റി ട്വന്റിയെ അനുനയിപ്പിക്കാൻ ആംആദ്മി പാർട്ടി ദേശീയ നേതൃത്വം. സഖ്യം പിരിയുകയാണെന്ന സാബു ജേക്കബിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് നീക്കം. സഖ്യം തുടരാൻ എഎപിക്ക് താൽപര്യമുണ്ടെന്നും തുടർചർച്ചകൾക്കുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നും കേരളത്തിന്റെ ചുമതലയുള്ള സംഘടന സെക്രട്ടറി അജയ് രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാബു ജേക്കബുമായി ചര്‍ച്ച നടത്തി അനുനയിപ്പിക്കാനുള്ള നീക്കമാണ് നടത്തുക. എഎപിയുടെ വാതില്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും സാബുവിന്‍റെ തീരുമാനം ഏകപക്ഷീയമാണെന്നും അന്തിമ തീരുമാനം കെജ്രിവാളിന്‍റെയാണെന്നും അജയ് രാജ് പറഞ്ഞു.
സഖ്യം അവസാനിപ്പിക്കുന്നു എന്നത് സാബുവിന്റെ മാത്രം തീരുമാനമാണ്. സാബുവുമായി ഞങ്ങൾക്ക് വലിയ അവസരങ്ങൾ കേരളത്തിലുണ്ട് അദ്ദേഹത്തിന്റെ ഉത്തരത്തിനായി കാത്തിരിക്കുയാണ് ഞങ്ങളുടെ പാർട്ടി നേതാവെന്നും അജയ് രാജ് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് 20-20 യും എഎപിയും കേരളത്തിൽ സഖ്യം പ്രഖ്യാപിച്ചത്. പീപ്പിൾസ് ഫെൽഫയർ അലിയൻസ് എന്ന് പേരിട്ട സഖ്യം അരവിന്ദ് കെജരിവാൾ നേരിട്ടെത്തിയാണ് കൊച്ചിയിൽ പ്രഖ്യാപിച്ചത്.എന്നാൽ സഖ്യം പരാജയപ്പെട്ടെന്ന് കാട്ടിയാണ് ഒന്നരക്കൊല്ലം മാത്രം നീണ്ട ബന്ധം അവസാനിപ്പിക്കാൻ സാബു ജേക്കബ് തീരുമാനിച്ചത്.
എന്നാൽ ഏകപക്ഷീയമായിട്ടാണ് സാബു പ്രഖ്യാപനം നടത്തിയതെന്നും സഖ്യം പുനസ്ഥാപിക്കാൻ ഉന്നതതലത്തിൽ കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും അജയ് രാജ് പറഞ്ഞു. സംഘടനസംവിധാനം കേരളത്തിലുണ്ടെങ്കിലും ഒറ്റയ്ക്ക് മത്സരിച്ച് എവിടെയെങ്കിലും കരുത്ത് കാട്ടാനുള്ള ശേഷി എഎപിക്ക് ഇല്ല. ലോക്സഭ തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ കാണുന്നില്ലെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ട്വൻറി ട്വൻറിയെ കൂടെ നിറുത്താനാണ് ദേശീയ നേതൃത്വത്തിന് താൽപര്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam