
തിരുവനന്തപുരം:കാര്യവട്ടത്ത് ഈ മാസം 15ന് നടക്കാനിരിക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിന്‍റെ ടിക്കറ്റിന്‍റെ നികുതി വര്‍ദ്ധനയില്‍ കായിക മന്ത്രി വി അബ്ദുള്‍ റഹ്മാന്‍റെ പ്രതികരണത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്. പാവപ്പെട്ടവനും ക്രിക്കറ്റ് കാണണം. പട്ടിണി കിടക്കുന്നവനും കാണേണ്ട കളിയാണ് ക്രിക്കറ്റ്. ടിക്കറ്റ് നിരക്ക് വർധനയ്ക്ക് നീതീകരണമില്ല .കെസിഎയും സർക്കാരും തമ്മിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ അത് അവർ പരിഹരിക്കണം .ജനങ്ങളുടെ മേലെ അല്ല പഴിചാരേണ്ടത്. മന്ത്രി പ്രസ്താവന പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പട്ടിണി കിടക്കുന്നവര്‍ കളി കാണാൻ പോകേണ്ടെന്നായിരുന്നു വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതിനെ കായികമന്ത്രി വി.അബ്ദുറഹ്മാൻ ന്യായീകരിച്ചത്. കഴിഞ്ഞ തവണ കുറഞ്ഞ നികുതിയായിട്ടും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി കാണികൾക്ക് ഗുണം കിട്ടാതെ ബിസിസിഐയും കെസിഎയുമാണ് നേട്ടം കൊയ്തതെന്നും കായികമന്ത്രി കുറ്റപ്പെടുത്തി. കാര്യവട്ടത്ത് കളി കാണാൻ ബിസിസിഐ ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടയറിന് 2000 രൂപയുമാണ്. 18 ശതമാനം ജിഎസ്ടിയും കോര്‍പ്പറേഷന്‍റെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാര്‍ജും കൂടിയാകുമ്പോൾ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവര്‍ ടയര്‍ നിരക്ക് 2860ഉും ആയി ഉയരും. കഴിഞ്ഞ തവണത്തെ അഞ്ച് ശതമാനം വിനോദ നികുതി 12 ശതമാനമായി ഉയര്‍ത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉയരുമ്പോൾ ആയിരുന്നു കായികമന്ത്രിയുടെ വിചിത്ര ന്യായീകരണം.
കാര്യവട്ടത്ത് അവസാനം നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി 20യിൽ നികുതി ഉൾപ്പെടെ 1500ഉം 2750ഉുമായിരുന്നു ടിക്കറ്റ് നിരക്ക്. ഇത്തവണ നികുതി വര്‍ദ്ധനകൊണ്ട് കാണികൾക്ക് അധിക ഭാരമില്ലെന്നും കായികമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ നിരക്കാണ് ഇത്തവണത്തേതെന്നാണ് ബിസിസിഐയുടേയും കെസിഎയുടേയും വിശദീകരണം. മത്സരം നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ വിനോദ നികുതി പൂര്‍ണമായും ഒഴിവാക്കി താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്ക് ഈടാക്കുമ്പോഴാണ് വരുമാനത്തെച്ചൊല്ലിയുള്ള സര്‍ക്കാര്‍-ബിസിസിഐ പോരെന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam