Latest Videos

ബ്ലോക്ക് പഞ്ചായത്തംഗത്തിന് കൊവിഡ്, എംഎൽഎയടക്കം പത്തോളം സിപിഎം നേതാക്കൾ കാസർകോട് നിരീക്ഷണത്തിൽ

By Web TeamFirst Published Jul 25, 2020, 5:53 PM IST
Highlights

ഈ മാസം 19 ന് ചെറുവത്തൂർ ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന പാർട്ടി യോഗത്തിൽ കൊവിഡ് ബാധിതൻ പങ്കെടുത്തിരുന്നുവെന്ന് വ്യക്തമായതിന് പിന്നാലെയാണിത്

കാസർകോട്: കാസർകോട് ജില്ലയിൽ കടുത്ത ആശങ്ക വിതച്ച് കൊവിഡ് വ്യാപനം. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെപി സതീഷ് ചന്ദ്രനും തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലുമടക്കം പത്തോളം സിപിഎം നേതാക്കൾ നിരീക്ഷണത്തിൽ പ്രവേശിച്ചു. ഈ മാസം 19 ന് ചെറുവത്തൂർ ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന പാർട്ടി യോഗത്തിൽ കൊവിഡ് ബാധിതൻ പങ്കെടുത്തിരുന്നുവെന്ന് വ്യക്തമായതിന് പിന്നാലെയാണിത്.

കാസർകോട് ജില്ലയിലെ ചെങ്കള പഞ്ചായത്തിൽ കൊവിഡ് ആശങ്ക വൻതോതിൽ വർധിച്ചു. വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. ജൂലൈ 17 ന് പീലാംകട്ടയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വധുവിനും വരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെർക്കള സ്കൂളിൽ നടന്ന ആന്റിജൻ പരിശോധനാ ക്യാമ്പിലാണ് എല്ലാവർക്കും കൊവിഡ് രോഗം കണ്ടെത്തിയത്.

ഈ വിവാഹത്തിൽ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തിൽ വീടുകളിൽ കഴിയേണ്ടതും രോഗലക്ഷണങ്ങൾ പ്രകടമായാൽ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതുമാണെന്ന് ജില്ലാകളക്ടർ ഡോ ഡി സജിത് ബാബു അറിയിച്ചു. കൊവിഡ് നിർവ്യാപന മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേരള പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കും.

രണ്ടു വർഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് പ്രസ്തുത നിയമപ്രകാരം കേസെടുക്കാൻ ജില്ലാ കളക്ടർ ഡോ. ഡി.സജിത്ബാബു പോലീസിന് നിർദ്ദേശം നൽകി. ഇന്നു തന്നെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇപ്രകാരം ജനങ്ങൾ കൂടുതൽ പങ്കെടുക്കുന്ന എല്ലാ പരിപാടികളും പൂർണമായി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

click me!