കേരളത്തിന്‍റെ മനസും സ്നേഹവും; ഭൂകമ്പം തകർത്ത തുർക്കിക്ക് സഹായമായി 10 കോടി അനുവദിച്ചു

Published : Mar 18, 2023, 05:32 PM IST
കേരളത്തിന്‍റെ മനസും സ്നേഹവും; ഭൂകമ്പം തകർത്ത തുർക്കിക്ക് സഹായമായി 10 കോടി അനുവദിച്ചു

Synopsis

ഭൂകമ്പ ബാധിതരെ സഹായിക്കാൻ ലോകമെമ്പാടുമുള്ളവർ മുന്നോട്ടു വരികയുണ്ടായി. പ്രളയവും പ്രകൃതി ദുരന്തങ്ങളുമുണ്ടായ ഘട്ടത്തിൽ കേരളത്തിനായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും നീണ്ടു വന്ന സഹായങ്ങളെ ഈ ഘട്ടത്തിൽ  നന്ദിയോടെ ഓർക്കുകയാണെന്നും ബാലഗോപാല്‍

തിരുവനന്തപുരം: ഭൂകമ്പം നാശം വിതച്ച  തുർക്കിയിലെ ജനങ്ങൾക്കുള്ള കേരളത്തിന്‍റെ സഹായമായ 10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഭൂകമ്പബാധിതരായ തുർക്കി ജനതയെ സഹായിക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതാണ് ഈ തുക. ലോക മനസാക്ഷിയെ ഞെട്ടിച്ച തുർക്കിയിലെ  ഭൂകമ്പം പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുകയും ലക്ഷക്കണക്കിന് പേരെ നിരാലംബരാക്കുകയും ചെയ്തു.

ഭൂകമ്പ ബാധിതരെ സഹായിക്കാൻ ലോകമെമ്പാടുമുള്ളവർ മുന്നോട്ടു വരികയുണ്ടായി. പ്രളയവും പ്രകൃതി ദുരന്തങ്ങളുമുണ്ടായ ഘട്ടത്തിൽ കേരളത്തിനായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും നീണ്ടു വന്ന സഹായങ്ങളെ ഈ ഘട്ടത്തിൽ  നന്ദിയോടെ ഓർക്കുകയാണെന്നും ബാലഗോപാല്‍ പറഞ്ഞു. തുക തുർക്കിക്ക് കൈമാറുന്നതിനുള്ള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം കേരളത്തിന് നൽകിയിരുന്നു. 

ഭൂകമ്പ ദുരിതാശ്വാസത്തിനായി കേരളം പത്ത് കോടി രൂപ അനുവദിക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ്‌ ചർച്ചയുടെ മറുപടിയില്‍ അറിയിച്ചിരുന്നു. എന്നാല്‍, ഭൂകമ്പ ദുരിതാശ്വാസത്തിനായി തുര്‍ക്കിക്ക് 10 കോടി രൂപ സഹായം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ്  കെ സുരേന്ദ്രന്‍ രംഗത്ത് വന്നിരുന്നു. തുർക്കിയുടെ കാര്യം മോദി നോക്കിക്കോളും. എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത പിണറായി വിജയൻ സര്‍ക്കാര്‍ അത് നോക്കണ്ടെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്.

അതേസമയം, ഭൂകമ്പം തകര്‍ത്ത തുര്‍ക്കിക്കും സിറിയക്കും ഒരു വിമാനം നിറയെ അത്യാവശ്യ സാധനങ്ങളും മരുന്നുകളും സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ നല്‍കിയിരുന്നു. ടെന്‍റുകള്‍ നിര്‍മിക്കാനുള്ള സാമഗ്രികള്‍, ഭക്ഷണ പായ്ക്കറ്റുകള്‍, തലയിണ, പുതപ്പ്, ബെഡ്, കുട്ടികള്‍ക്കുള്ള ഭക്ഷണം, പാല്‍, മരുന്നുകള്‍ എന്നിവയടക്കം മൂന്നര ലക്ഷം ഡോളര്‍ വിലമതിക്കുന്ന അവശ്യവസ്തുക്കളാണ്  റൊണാള്‍ഡോ വിമാനത്തില്‍ സിറിയയിലേക്കും തുര്‍ക്കിയിലേക്കുമായി അയച്ചത്. 

' ഹരിത ട്രൈബ്യൂണലിന്‍റെ 100കോടി പിഴ ഉദ്യോഗസ്ഥര്‍,മന്ത്രി,കൊച്ചി മേയര്‍ എന്നിവരില്‍ നിന്നും ഈടാക്കണം'

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K