വോട്ടർ പട്ടികയിൽ വെട്ടിനിരത്തൽ നടന്നുവെന്ന് പരാജയഭീതി കൊണ്ട് പറയുന്നതല്ല, 23ന് കാണാം: ഉമ്മൻ ചാണ്ടി

By Web TeamFirst Published May 11, 2019, 1:15 PM IST
Highlights

വോട്ടർ പട്ടികയിൽ വെട്ടിനിരത്തൽ നടന്നുവെന്ന് പറയുന്നത് പരാജയ ഭീതികൊണ്ടാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ  ആരോപണം തള്ളിക്കളയുന്നുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. 23ന് ഫലം വരുമ്പോൾ അത് കാണാം.


തിരുവനന്തപുരം: കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്ന് സിപിഎമ്മിന്‍റെ താൽപ്പര്യപ്രകാരം 10 ലക്ഷം പേരെ വെട്ടിമാറ്റിയെന്ന ആരോപണം ആവർത്തിച്ച് ഉമ്മൻ ചാണ്ടി. ഇത് സംബന്ധിച്ച പരാതി കിട്ടിയാൽ അന്വേഷിക്കുമെന്ന ടിക്കാറാം മിണയുടെ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നെന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

വോട്ടർ പട്ടികയിൽ വെട്ടിനിരത്തൽ നടന്നുവെന്ന് പറയുന്നത് പരാജയ ഭീതികൊണ്ടാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ  ആരോപണം തള്ളിക്കളയുന്നുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. 23ന് ഫലം വരുമ്പോൾ അത് കാണാം. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ വൈകിയിട്ടില്ല. പരാതി നൽകാൻ പറ്റിയ സമയം ഇതാണ്. ഉടൻ വിശദമായ കണക്കുകൾ കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.വോട്ടർമാരെ വെട്ടിനിരത്തിയത് സംബന്ധിച്ച എല്ലാ മണ്ഡലങ്ങളിലേയും കണക്ക് ശേഖരിച്ചിട്ടുണ്ടെന്നും  അത് കമ്മീഷന് കൈമാറുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും വെട്ടിനിരത്തൽ നടന്നെതിന് തെളിവുകൾ കയ്യിലുണ്ടെന്ന് ഉമ്മൻചാണ്ടിക്ക് ഒപ്പമുണ്ടായിരുന്ന കെ മുരളീധരൻ പറഞ്ഞു. അതും കമ്മീഷന് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തത് ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും മുരളീധരൻ അവകാശപ്പെട്ടു.

click me!