
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി നൂറുദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. നാലരമാസത്തിന് ശേഷം മാധ്യമങ്ങളെ കാണാൻ എത്തിയപ്പോേൾ ആണ് നൂറ് ദിന കർമ്മ പരിപാടി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പാലക്കാട് മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയതിൽ മുഖ്യമന്ത്രി ആഹ്ളാദ് പ്രകടിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനിറങ്ങിയ സൈന്യത്തെ അദ്ദേഹം നന്ദിയും അനുമോദനവും അറിയിച്ചു.
പാലക്കാട് നിന്നും ആശ്വാസകരമായ വാർത്തയാണ് നമ്മുടെ മുന്നിലുള്ളത്. മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ വിജയകരമായി രക്ഷിച്ചു. നാടൊന്നാകെ ആഗ്രഹിച്ച വാർത്തയാണിത്. രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയ കരസേനയുടെ മദ്രാസ് റെജിമെൻ്റ്, പാരാറെജിമെൻ്റ്, വ്യോമസേന, കോസ്റ്റ്ഗാർഡ് എന്നിവർക്ക്. നന്ദി.... പൊലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ്, റവന്യൂ വകുപ്പ് ജില്ലാ ഭരണകൂടം ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണമേഖല കരസേന ഉദ്യോഗസ്ഥൻ എ.അരുണിനെ ഫോണിൽ വിളിച്ച് നന്ദിയറിയിച്ചു. ബാബുവിന് ആവശ്യമായ ചികിത്സ ഉറപ്പാക്കും.
സർക്കാർ അധികാരത്തിലേറിയിട്ട് മെയ് ഇരുപതിന് ഒരു വർഷം തികയുകയാണ്. ഈ ചുരുങ്ങിയ സമയത്തിൽ നമ്മുടെ നാട് ഒട്ടേറെ പ്രയാസങ്ങിലൂടെ കടന്നു പോയി. കൊവിഡിൻ്റെ രണ്ടും മൂന്നും തരംഗങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചു സാധാരണ നിലയിൽ നടക്കേണ്ട പല പ്രവർത്തനങ്ങളും ഇക്കാരണത്താൽ തടസ്സപ്പെട്ടു.
എന്നാൽ ജനക്ഷേമപ്രവർത്തനങ്ങൾക്ക് തടസം നേരിടാതെ സർക്കാർ പ്രവർത്തിച്ചു എന്നതിൽ ചാരിതാർത്ഥ്യമുണ്ട്. അധികാരത്തിൽ വന്ന് ആദ്യ നൂറ് ദിനത്തിൽ പൂർത്തിയാക്കേണ്ട പദ്ദതികൾ നിശ്ചയിരുന്നു. ഇപ്പോൾ ഒന്നാം വാർഷികത്തിന് മുന്നോടിയായി മറ്റൊരു നൂറ് ദിനപരിപാടി കൂടി പ്രഖ്യാപിക്കുന്നു. ഫെബ്രുവരി പത്തിനും മെയ് ഇരുപതിനും ഇടയിലായി പദ്ധതികൾ തീർക്കണം.