
കൊല്ലം: കൊല്ലത്ത് നിന്നും ബോട്ട് മാര്‍ഗ്ഗം ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ച 11 ശ്രീലങ്കൻ പൗരൻമാര്‍ പൊലീസ് പിടിയിലായി. കൊല്ലം നഗരത്തിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ഓസ്ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറുക എന്നതായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവരെ പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. ലോഡ്ജിൽ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. തമിഴ്നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്റ്റേഷനിലെത്തി ഇവരെ ചോദ്യം ചെയ്യുന്നുണ്ട്.
ഓഗസ്റ്റ് മാസം 19-ന് ശ്രീലങ്കയിൽ നിന്നും രണ്ട് പേര്‍ ചെന്നൈയിൽ ടൂറിസ്റ്റ് വിസയിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് ഇവരെ കാണാതായി. ഇവരെ തേടി തമിഴ്നാട് ക്യൂബ്രാഞ്ച് തമിഴ്നാട്ടിലും അയൽസംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചു. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ച വിവരം കൈമാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കൻ പൗരൻമാര്‍ അറസ്റ്റിലായത്.
പിടിയിലായവരിൽ രണ്ട് പേര്‍ ചെന്നൈയിലെത്തി മുങ്ങിയവരാണ്. ആറ് പേര്‍ ട്രിച്ചിയിലെ ലങ്കൻ അഭയാര്‍ത്ഥി ക്യാപിലും മൂന്ന് പേര്‍ ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാംപിലും കഴിയുന്നവരാണ്. ശ്രീലങ്കയിലുള്ള ലക്ഷ്മണ എന്നൊരാളാണ് ഇവരുടെ ഏജൻ്റ എന്നാണ് വിവരം. കേരളത്തിലെത്തി തൻ്റെ മറ്റൊരു ഏജൻ്റിനെ കാണാനായിരുന്നു ഇവര്‍ക്ക് കിട്ടിയ നിര്‍ദേശം.
അതേസമയം ഇപ്പോൾ പിടിയിലായ പതിനൊന്ന് പേര്‍ മാത്രമായിരിക്കില്ല ബോട്ടിൽ കടക്കാൻ പദ്ധതിയിട്ടത് എന്നാണ് പൊലീസിൻ്റേയും തമിഴ്നാട് ക്യൂ ബ്രാഞ്ചിൻ്റേയും നിഗമനം. വലിയ ബോട്ടിൽ വൻസംഘമായിട്ടാണ് ഇത്തരക്കാര്‍ സാധാരണ ഓസ്ട്രേലിയയിലേക്ക് പോകാറുള്ളത്. അതിനാൽ തന്നെ കൂടുതൽ പേര്‍ കൊല്ലത്തേക്ക് വന്നു കൊണ്ടിരിക്കുകയോ അടുത്ത നിര്‍ദ്ദേശം കാത്ത് സമീപജില്ലകളിൽ തമ്പടിക്കുകയോ ആയിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. കേരളത്തിലെ ഇവര്‍ക്ക് ബന്ധപ്പെടാൻ നിര്‍ദേശം കിട്ടിയ ഏജൻ്റ് കൊല്ലത്തുള്ള ആളാണെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. പിടിയിലായവരുടെ ഫോണുകൾ കേന്ദ്രീകരിച്ച് സംഘത്തിലെ മറ്റുള്ളവരെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസും തമിഴ്നാട് ക്യൂബ്രാഞ്ചും ഇപ്പോൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam