മധ്യപ്രദേശിൽ ജനിച്ച് 12 ദിവസം പ്രായമായ കുഞ്ഞിന് കൊവിഡ്; രോഗം പകർന്നത് ആശുപത്രിയിൽ നിന്ന്?

By Web TeamFirst Published Apr 19, 2020, 8:12 PM IST
Highlights

മധ്യപ്രദേശിൽ 12 ദിവസം പ്രായമായ കുഞ്ഞിന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മാതാപിതാക്കൾക്ക് സ്രവ പരിശോധനാ ഫലം നടത്തി. എന്നാൽ ഇവരുടെ ഫലം നെഗറ്റീവാണ്

ഭോപ്പാൽ: മധ്യപ്രദേശ് സംസ്ഥാനത്ത് 12 ദിവസം പ്രായമായ കുഞ്ഞിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. അതേസമയം കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും കൊവിഡ് രോഗമില്ല. കുഞ്ഞിന് രോഗം പകർന്നത് ആശുപത്രിയിൽ നിന്നാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. കുഞ്ഞിനെ പരിചരിച്ച ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനിടെ മുംബൈയിൽ ധാരാവിയിലെ ചേരിയിൽ 20 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ധാരാവിയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 138 ആയി.

ഗുജറാത്തിൽ ഇന്ന് മാത്രം 228 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1604 ആയി. ചെന്നൈയിൽ ഇന്ന് 50 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട് സംസ്ഥാനത്ത് ആകെ 105 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെയുള്ള രോഗബാധിതരുടെ എണ്ണം 1477 ആയി.

ചെന്നൈയിൽ ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കും മാധ്യമ പ്രവർത്തകർക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചു.  രണ്ട് മാധ്യമ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.  ഇതോടെ മാധ്യമ പ്രവർത്തകർക്കായി പ്രത്യേക ടെസ്റ്റിങ്ങ് സെന്റർ തുറന്നു. ഇവിടെ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ വാർത്താ സമ്മേളനത്തിന് എത്തിയവർ പരിശോധനയ്ക്ക് എത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗോവയിൽ രോഗം സ്ഥിരീകരിച്ച ഏറ്റവും ഒടുവിലത്തെയാളും നെഗറ്റീവായത് സംസ്ഥാനത്തിന് നേട്ടമായി.  ഇവിടെ കൊവിഡ് പ്രതിരോധ ചുമതലയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർക്ക് ഗോവ മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു. 

click me!