
കോഴിക്കോട് : 13 വയസുകാരനെ അതിക്രൂര പീഡനത്തിന് ഇരയാക്കുകയും കടുത്ത മാനസിക ആഘാതങ്ങളിലേക്ക് തള്ളിവിടുകയും ചെയ്ത പോക്സോ കേസ് പ്രതിയെ പൊലീസ് പിടികൂടുന്നില്ലെന്ന ആക്ഷേപവുമായി ഇരയുടെ കുടുംബം. കോഴിക്കോട് പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കുട്ടിയെ ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ അയല്‍വാസിക്കെതിരെ പൊലീസ് കഴിഞ്ഞ മാസം കേസെടുത്തിരുന്നു. മാനസികനില താളം തെറ്റിയ കുട്ടി പലതവണ ആത്മഹത്യാശ്രമം നടത്തിയിരുന്നു. പ്രതി ഒളിവിലാണെന്നും അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പേരാമ്പ്ര പോലീസ് പ്രതികരിച്ചു.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുമിടുക്കനായിരുന്ന 13 കാരൻ ഇക്കഴിഞ്ഞ ഫെബ്രുവരി മാസം മുതലാണ് കുട്ടിയില്‍ ശാരീരിക- മാനസിക പ്രശ്നങ്ങള്‍ പ്രകടമായതെന്ന് കുടുംബം പറയുന്നു. ജൂലായ് മാസമായപ്പോഴേക്കും കുട്ടി കടുത്ത മാനസിക അസ്വാസ്ഥ്യം കാണിച്ചു തുടങ്ങി.'ഉറക്കെ കരയുക, ഉറക്കെ ചിരിക്കുക, ആത്മഹത്യാ പ്രവണത കാണിക്കുക തുടങ്ങി ഗുരുതരമായ അവസ്ഥയിലായിരുന്നു കുട്ടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ ചികില്‍സയിലും കൗണ്‍സിലിങിലുമാണ് നേരിട്ട ഞെട്ടിപ്പിക്കുന്ന പീഡനവിവരം കുട്ടി വെളിപ്പെടുത്തുന്നത്. പുറത്തു പറഞ്ഞാല്‍ ഉമ്മയെയും അനുജന്‍മാരെയും കൊല്ലുമെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയെന്നും മാസങ്ങളോളം പീഡനം തുടര്‍ന്നെന്നും മാതാവ് പറയുന്നു.
സെപ്റ്റംബര്‍ പതിനേഴിന് പേരാമ്പ്ര പൊലീസ് കേസെടുത്തിട്ടും പ്രതിയെ പിടികൂടാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. എസ്പിക്കുള്‍പ്പെടെ കുടുംബം പരാതി നല്‍കിയിരുന്നു. കോഴിക്കോട്ടെ ഒരു സ്വകാര്യ മെന്റല്‍- ഫിസിക്കല്‍ റീഹാബിലിറ്റേഷന്‍ സെന്ററിലാണ് കുട്ടി ചികില്‍സയില്‍ കഴിയുന്നത്. ജൂലായ് മാസം മുതല്‍ കുട്ടി സ്കൂളില്‍ പോലും പോകുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam