14 നിലകൾ, 1,30,000 ചതുരശ്രയടി വലിപ്പത്തിൽ വമ്പൻ കെട്ടിട സമുച്ചയം; ഇന്‍വസ്റ്റ് കേരളയിലെ ആദ്യ പദ്ധതിക്ക് തുടക്കം

Published : May 24, 2025, 04:11 PM IST
14 നിലകൾ, 1,30,000 ചതുരശ്രയടി വലിപ്പത്തിൽ വമ്പൻ കെട്ടിട സമുച്ചയം; ഇന്‍വസ്റ്റ് കേരളയിലെ ആദ്യ പദ്ധതിക്ക് തുടക്കം

Synopsis

ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ ഭാഗമായി വന്ന നിക്ഷേപ പദ്ധതിയായ ജിയോജിത്തിന്‍റെ ഐടി സമുച്ചയത്തിന് ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ വ്യവസായമന്ത്രി തറക്കല്ലിട്ടു.

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ ഭാഗമായി വന്ന നിക്ഷേപ പദ്ധതിയായ ജിയോജിത്തിന്‍റെ ഐടി സമുച്ചയത്തിന് ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ വ്യവസായമന്ത്രി തറക്കല്ലിട്ടു. ഇന്‍വസ്റ്റ് കേരളയുടെ ഭാഗമായി വന്ന നിക്ഷേപ വാഗ്ദാനങ്ങളില്‍ ആദ്യമായി സമാരംഭം കുറിക്കുന്ന പദ്ധതിയാണിത്. ഇന്‍വസ്റ്റ് കേരളയുടെ ഭാഗമായി വന്ന 13 നിക്ഷേപ വാഗ്ദാനങ്ങള്‍ക്ക് കൂടി ഈ മാസം തന്നെ തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍വസ്റ്റ് കേരള ഉച്ചകോടിയുടെ ഭാഗമായി ഐടി മേഖലയുള്‍പ്പെടെ 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ 60 ശതമാനം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. ദേശീയ ശരാശരി 20 ല്‍ താഴെയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത് നേടുന്നതിന് ആഴ്ച തോറും അവലോകന യോഗങ്ങള്‍ കെഎസ്‌ഐഡിസിയുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. ഇതു കൂടാതെ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന ഡാഷ് ബോര്‍ഡും സ്ഥാപിച്ചു കഴിഞ്ഞു.

വ്യാവസായിക വികസനത്തിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനും സഹായകരമാകുന്ന സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പാട്ടക്കാലാവധി 30 ല്‍ നിന്ന് 90 വര്‍ഷമാക്കിയത് ഇതിന്‍റെ ഭാഗമാണ്. പദ്ധതിനിര്‍വഹണം വേഗത്തില്‍ നടക്കുന്നതിന് ഫ്രെയിം വര്‍ക്കുകള്‍ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.

ട്രാക്കോ കേബിളിന്‍റെ സ്ഥലം ഇന്‍ഫോപാര്‍ക്കിന്‍റെ വികസനത്തിന് നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. ഇതിന്‍റെ നിയമതടസ്സം മാറുന്ന മുറയ്ക്ക ഈ സ്ഥലം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വിജ്ഞാന സമ്പദ് വ്യവസ്ഥയും പ്രതിഭയുള്ള തൊഴില്‍ശേഷിയുമാണ് കേരളത്തിന്‍റെ മൂലധനമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ മേഖലയിലുള്ള വ്യവസായങ്ങള്‍ക്ക്  വലിയ സാധ്യതകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പാട്ടക്കാലാവധിയിലെ ആശയക്കുഴപ്പം നിമിത്തം മരവിപ്പിച്ചിരുന്ന പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടപടി സ്വീകരിച്ചതിലൂടെ ജീവന്‍ വച്ചതെന്ന് ജിയോജിത്ത് ചെയര്‍മാന്‍ സി ജെ ജോര്‍ജ്ജ് പറഞ്ഞു. ഇന്‍വസ്റ്റ് കേരളയില്‍ വ്യവസായ സമൂഹം ഇക്കാര്യം പ്രത്യേകം ഉന്നയിച്ചിരുന്നു. വ്യവസായം വളരുന്നതിന് ആവശ്യമായ പരിഷ്‌കരണങ്ങള്‍ എടുക്കുന്നതില്‍ മുന്‍കയ്യെടുത്ത മന്ത്രിയെയും അത് യാഥാര്‍ഥ്യമാക്കിയ സര്‍ക്കാരിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജിയോജിത്തിന്‍റെ ഐടി-ഐടി അനുബന്ധ സേവനങ്ങളുടെ ആസ്ഥാനമന്ദിരമാണ് ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ ഉയരുന്നത്. പതിനാറ് നിലകളിലായി 1,30,000 ചതുരശ്രയടി വലുപ്പമുതാണ് കെട്ടിടം. രണ്ട് വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ജില്ലാകളക്ടര്‍ എന്‍ എസ് കെ ഉമേഷ്, കെഎസ്‌ഐഡിസി ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളാക്കാരന്‍, കെഎസ്‌ഐഡിസി, ഇന്‍ഫോപാര്‍ക്ക്, ജിയോജിത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച ചിത്രത്തെ ചൊല്ലി വിവാദം: 'അന്ത്യ അത്താഴത്തെ വികലമാക്കി'; ജില്ല കളക്ടർക്ക് പരാതി
ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് ആരംഭം; ജനുവരി 14 മകരവിളക്ക്, ജനുവരി 19ന് രാത്രി 11 വരെ ദർശനം