
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് (Covid) കേസുകളിലെ വര്‍ധന തുടരുന്നു. ഇന്ന് 1494 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെന്ന പോലെ എറണാകുളത്താണ് ഇന്നും കൂടുതൽ കേസുകൾ. 439 കൊവിഡ് കേസുകളാണ് എറണാകുളം ജില്ലയിൽ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 230 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്.
അതിനിടയിൽ തമിഴ്നാട്ടിൽ (Tamilnadu) ഇന്ന് 12 പേർക്ക് കൂടി കൊവിഡിന്‍റെ പുതിയ വകഭേദങ്ങൾ സ്ഥിരീകരിച്ചു. ഒമിക്രോൺ ബിഎ 4 നാലുപേർക്കും ബിഎ 5 എട്ടുപേർക്കുമാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 21നും 26നും ഇടയിൽ ശേഖരിച്ച സാംപിളുകളിലാണ് പുതിയ ഉപ വകഭേദങ്ങൾ കണ്ടെത്തിയത്. കൂടുതൽ പേർക്ക് ബാധിച്ചിരിക്കാൻ സാധ്യതയുള്ളതുകൊണ്ട് ആരോഗ്യവകുപ്പ് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.
രോഗബാധിതരായ 12 പേരും ആശുപത്രി വിട്ടെങ്കിലും രണ്ടാഴ്ച വീടുകളിൽ സമ്പർക്ക വിലക്കിൽ തുടരും. സംസ്ഥാനത്തെ പ്രതിദിന രോഗബാധാ നിരക്ക് 100ന് മുകളിൽ തുടരുകയാണ്. ഇന്നലെ 107 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശങ്കയ്ക്കുള്ള സാഹചര്യമില്ലെന്നും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു.
ദേശീയതലത്തിലും കൊവിഡ് വ്യാപനം ഉയർന്ന നിലയിൽ തുടരുകയാണ്. തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് പ്രതിദിന കേസുകളും പോസിറ്റിവിറ്റി നിരക്കും കൂടി. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 4512 പേർക്കാണ്. പോസിറ്റിവിറ്റി നിരക്ക് 1.62 ശതമാനമായി. 9 പേർ കൊവിഡ് ബാധിച്ചു മരിച്ചു. കേരളത്തിലും മഹാരാഷ്ട്രയിലും തന്നെയാണ് ഇപ്പോഴും കൂടുതൽ രോഗികൾ ഉള്ളത്. ദില്ലി, ഹരിയാന, ഉത്തർപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം കൂടി.
അതേസമയം മറ്റൊരു തരംഗത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന നിഗമനം ഭൂരിപക്ഷം ആരോഗ്യവിദഗ്ദ്ധരും തള്ളിക്കളയുന്നു. മുൻതരംഗങ്ങിലുണ്ടായ പോലെ ദിവസങ്ങൾ കൊണ്ട് കൊവിഡ് കേസുകൾ ഇരട്ടിയാവുന്ന പ്രവണത ഇക്കുറിയില്ല. നാലാം തരംഗം എന്ന സാധ്യത ഐസിഎംആറും നേരത്തെ തള്ളിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam