കോഴിക്കോട് വിലങ്ങാട്ടെ മണ്ണിടിച്ചിൽ; 15 കുടുംബങ്ങൾ ഒറ്റപ്പെട്ടു, ജില്ലയിൽ 41 ദുരിതാശ്വാസ ക്യാമ്പുകളിൽ 854 പേർ

Published : Jul 30, 2024, 03:57 PM IST
കോഴിക്കോട് വിലങ്ങാട്ടെ മണ്ണിടിച്ചിൽ; 15 കുടുംബങ്ങൾ ഒറ്റപ്പെട്ടു, ജില്ലയിൽ 41 ദുരിതാശ്വാസ ക്യാമ്പുകളിൽ 854 പേർ

Synopsis

കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് പൂനൂര്‍ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തി. തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ പെട്ട വിലങ്ങാട് മലയങ്ങാട് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ മലയങ്ങാട് പാലം ഒലിച്ചു പോയി. പുഴയുടെ തീരത്തുള്ള നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. പാലം തകര്‍ന്നതിനെ തുടര്‍ന്ന് 15 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. അതേസമയം ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. പുഴയുടെ തീരങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. എന്‍ഡിആര്‍എഫ് സംഘം രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണെന്ന് അധികൃതർ അറിയിച്ചു. 

കൈതപ്പൊയില്‍ - ആനോറമ്മല്‍ വള്ളിയാട് റോഡിലുണ്ടായ മണ്ണിടിച്ചിലില്‍ 80 മീറ്ററോളം റോഡ് മണ്ണിനടയിലായി. ഇവിടെ നിന്ന് ഏഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കുറ്റ്യാടി മരുതോങ്കര വില്ലേജില്‍ പശുക്കടവ് ഭാഗത്തും ഉരുള്‍പൊട്ടലുണ്ടായി. കടന്തറ പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പൃക്കന്തോട്, സെന്റര്‍ മുക്ക്, പീടികപ്പാറ പ്രദേശത്തുള്ള പുഴയോരവാസികളെ നെല്ലിക്കുന്ന് ഷെല്‍ട്ടറിലേക്ക് മാറ്റി. 

കക്കയം ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി കൂടിയതിനാല്‍ രണ്ട് ഷട്ടറുകളും വിവിധ ഘട്ടങ്ങളിലായി നാലടി വീതം ഉയര്‍ത്തി. കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് പൂനൂര്‍ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തി. തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഴ ശക്തമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ആകെ 41 ക്യാംപുകളിലായി 196 കുടുംബങ്ങളിലെ 854 ആളുകളാണ് കഴിയുന്നത്. നൂറുകണക്കിനാളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണവും ആളുകളുടെ എണ്ണവും:
കോഴിക്കോട് താലൂക്ക്- 24 (298 പേര്‍)
വടകര താലൂക്ക്- 2 (21 പേര്‍)
കൊയിലാണ്ടി താലൂക്ക് 7 (161 പേര്‍)
താമരശ്ശേരി താലൂക്ക് - 8 (374 പേര്‍)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരയിൽ പ്രവേശിക്കും, കേരളത്തിൽ 2 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്
'മിഷൻ 110', മണ്ഡലങ്ങളെ പഠിച്ച് തയ്യാറാക്കിയ കണക്ക്; വികസന പ്രവർത്തനങ്ങൾ അനുകൂലമാകും, കുറവ് ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും പി രാജീവ്