ഈ വർഷം കേരളത്തിൽ 17 ഹർത്താൽ; ഹൈക്കോടതി തടഞ്ഞിട്ടും തുടരുന്ന മിന്നൽ ഹർത്താലുകൾ

Published : Sep 23, 2022, 06:52 PM ISTUpdated : Sep 23, 2022, 06:53 PM IST
ഈ വർഷം കേരളത്തിൽ 17 ഹർത്താൽ; ഹൈക്കോടതി തടഞ്ഞിട്ടും തുടരുന്ന മിന്നൽ ഹർത്താലുകൾ

Synopsis

ഹർത്താലിനോടും സമരത്തിനുള്ള ആഹ്വാനങ്ങളോടും എതിർപ്പുള്ളവർക്ക് കോടതിയെ സമീപിക്കാനും നിയമസാധുത പരിശോധിക്കാനും അവസരം നൽകാനാണ് ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് പറയുന്നതെന്ന് 2019ൽ  കോടതി ചൂണ്ടിക്കാട്ടി. പൗരന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാൻ ഇതിലൂടെ സർക്കാരിനു സാവകാശം ലഭിക്കും.   

തിരുവനന്തപുരം: 2019 ജനുവരിയിലാണ് മിന്നൽ ഹർത്താലുകൾക്കെതിരെ  ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. ഹർത്താലിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളും വ്യക്തികളും ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ അന്നത്തെ ഉത്തരവ്. എന്നാൽ, ഈ ഉത്തരവിനു ശേഷവും സംസ്ഥാനത്ത് മിന്നൽ ഹർത്താലുകൾക്ക് കുറവ് വന്നില്ല. ഈ വർഷം മാത്രം 17 ഹർത്താലുകളാണ് കേരളത്തിലുണ്ടായത്. 

മാർച്ച് മാസത്തിൽ മൂന്ന് ഹർത്താൽ, രണ്ടു ദിവസം ദേശീയ പണിമുടക്ക്

മാർച്ച് മാസത്തിൽ മാത്രം മൂന്നു ഹർത്താലാണ് ഉണ്ടായത്.  രണ്ടു ദിവസം ദേശീയ പണിമുടക്കും ഉണ്ടായിരുന്നു. ആലത്തൂർ താലൂക്കിൽ യുവമോർച്ച പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തെ തുടർന്നായിരുന്നു  ആദ്യത്തെ ഹർത്താൽ. പിന്നാലെ  കെ റെയില്‍ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോട്ടയം ചങ്ങനാശേരിയിലും മഞ്ചേരി നഗരസഭ കൗൺസിലർ കൊല്ലപ്പെട്ടതിന്റെ പേരിൽ മലപ്പുറം മഞ്ചേരി നഗരസഭയിലും ഹർത്താൽ ആചരിച്ചു. ആലപ്പുഴ ചാരുമ്മൂട്ടിൽ കോൺഗ്രസ് ഓഫീസുകൾക്കു നേരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് നൂറനാട്, പാറമേൽ, ചുനക്കര, താമരക്കുളം, തഴക്കര പഞ്ചായത്തുകളിൽ ഹർത്താൽ ഉണ്ചായിരുന്നു.  പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിത മേഖലയാക്കുന്നതിനെതിരെ അമ്പൂരി ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ അമ്പൂരി പഞ്ചായത്തിൽ ഏപ്രിലിൽ ഹർത്താൽ ആചരിച്ചു. 

ജൂൺ മാസത്തിൽ മാത്രം ആറ് ഹർത്താൽ

ജൂൺ മാസത്തിൽ സംസ്ഥാനത്ത് ആറു ഹർത്താൽ നടന്നു.  ബഫർസോൺ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ പത്തനംതിട്ടയിലെ ഏഴ് പഞ്ചായത്തുകളിൽ കോൺഗ്രസ് ഹർത്താൽ നടത്തി. പരിസ്ഥിതി ലോല പ്രശ്നത്തിൽ കേന്ദ്രം ഇടപെടണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് ഇടുക്കി ജില്ലയിലും കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും പാലക്കാട് ജില്ലയിലെ 14 വില്ലേജുകളിലും തൃശൂർ ജില്ലയിലെ 11 വില്ലേജുകളിലും ഹർത്താൽ നടത്തി. ഇതേ വിഷയത്തിൽ ഇടുക്കി, വയനാട് ജില്ലകളിൽ യുഡിഎഫ് ഹർത്താൽ നടത്തി. 

ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മലിനജല ശുദ്ധീകരണ പ്ലാന്റിനെതിരെ കോഴിക്കോട് വെള്ളയിൽ ജൂലൈ മാസത്തിൽ ഹർത്താൽ നടത്തി. ആളിയാർ ഡാമിൽനിന്ന് വെള്ളം കൊണ്ടു പോകുന്നതിനെതിരെ ചിറ്റൂർ, നെൻമാറ നിയോജക മണ്ഡലങ്ങളിൽ ഓഗസ്റ്റിൽ ഹർത്താലുണ്ടായിരുന്നു. ലോക്കൽ കമ്മിറ്റി അംഗത്തെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പാലക്കാട് മരുതക്കോട് പഞ്ചായത്തിൽ സിപിഎം ഹർത്താൽ നടത്തിയതും ഈ വർഷം തന്നെയാണ്.∙ 

Read Also: കണ്ണൂരില്‍ മില്‍മ ടീ സ്റ്റാള്‍ അടിച്ചു തകര്‍ത്തു, പലഹാരങ്ങള്‍ നശിപ്പിച്ചു; തൊഴിലാളിക്ക് പരിക്ക്

എങ്ങുമെത്താതെ പോയ ചർച്ചകൾ, രൂക്ഷവിമർശനവുമായി ഹൈക്കോടതി

ജനജീവിതം ദുസ്സഹമാക്കുന്ന ഹർത്താൽ നിരോധിക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായി ചർച്ചയുണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട നടപടികൾ എങ്ങുമെത്തിയില്ല.  എൻഐഎ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെയുള്ള ന്നത്തെ  പോപ്പുല‍ര്‍ ഫ്രണ്ട്  മിന്നൽ ഹർത്താലിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനമാണ് നടത്തിയത്.  ഹർത്താൽ നടത്തരുതെന്ന കോടതി വിധിക്കെതിരായ പിഎഫ് ഐ നടപടി കോടതിയലക്ഷ്യമാണെന്നും നിയമവിരുദ്ധമായ ഹ‍ര്‍ത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നവ‍ര്‍ക്കെതിരെയും നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മിന്നൽ ഹര്‍ത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 

കടുത്ത വിമ‍ര്‍ശനങ്ങളാണ് വാദത്തിനിടെ കോടതിയിൽ നിന്നും ഉണ്ടായത്. മിന്നൽ ഹർത്താൽ കോടതി നിരോധിച്ചതാണെന്നിരിക്കെയാണ് പോപ്പുല‍ര്‍ ഫ്രണ്ട് ഹർത്താൽ നടത്തിയത്. അം​ഗീകരിക്കാനാവാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. പൊതുമുതൽ നശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ കഴിയണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹർത്താൽ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി വേണം. പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം അക്രമങ്ങൾ ഉരുക്ക് മുഷ്ടി ഉപയോഗിച്ചു നേരിടണമെന്നും വാദത്തിനിടെ വ്യക്തമാക്കി. അക്രമം തടയാൻ എല്ലാ സംവിധാനവും ഉപയോഗിക്കണമെന്നും പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. 

Read Also: 'പൊതുമുതൽ നശിപ്പിച്ചവ‍ര്‍ക്കെതിരെ കേസെടുക്കണം, മിന്നൽ ഹ‍ര്‍ത്താൽ നിയമവിരുദ്ധം; കോടതിയലക്ഷ്യം': ഹൈക്കോടതി

അന്ന് മിന്നൽ ഹർത്താൽ നിരോധിച്ച് കോടതി പറഞ്ഞത്...

ഹർത്താലിനോടും സമരത്തിനുള്ള ആഹ്വാനങ്ങളോടും എതിർപ്പുള്ളവർക്ക് കോടതിയെ സമീപിക്കാനും നിയമസാധുത പരിശോധിക്കാനും അവസരം നൽകാനാണ് ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് പറയുന്നതെന്ന് 2019ൽ  കോടതി ചൂണ്ടിക്കാട്ടി. പൗരന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാൻ ഇതിലൂടെ സർക്കാരിനു സാവകാശം ലഭിക്കും.  മുൻകൂർ നോട്ടീസ് ഇല്ലാതെ ഹർത്താല്‍ ആഹ്വാനം നടത്തുന്നവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിനു പുറമേ നാശനഷ്ടങ്ങളുടെ ബാധ്യത ചുമത്താനും കഴിയുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.  ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അന്ന് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.  

ബന്ദ് നിരോധിച്ചിട്ടും ബന്ദിക്കലിന് നിരോധനമില്ല

1997ലാണ് ഹൈക്കോടതി ബന്ദ് നിരോധിച്ചത്. ബന്ദിന്  ആഹ്വാനം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും   ബന്ദ് പൗരന്റെ മൗലികമായ അവകാശങ്ങൾ തടയുന്നതാണെന്നും ജസ്റ്റിസുമാരായ ജെ ബി കോശി, കെ ജി ബാലകൃഷ്ണൻ, പി കെ ബാലസുബ്രമണ്യം എന്നിവരടങ്ങളിയ ഫുൾ ബെഞ്ച് പറഞ്ഞു.  ബന്ദ് സംബന്ധിച്ചു തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന പാർട്ടികളുടെ വാദം അന്ന് കോടതി തള്ളി. ഇതിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചുപോലുമില്ല. കേരള ഹൈക്കോടതിയുടെ ഉത്തരവിൽ തെറ്റില്ലെന്നും സുപ്രീം കോടതി അന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, ബന്ദ് സാങ്കേതികമായി നിരോധിച്ചെങ്കിലും ഹർത്താൽ എന്ന പേരിൽ രാഷ്ട്രീയപാർട്ടികൾ അത് തുടരുന്ന അവസ്ഥയാണ് സംജാതമായത്. കടകൾ ബലമായി അടപ്പിച്ചും നിരത്തിലിറങ്ങുന്ന വാഹനങ്ങൾ ആക്രമിച്ചും ജനജീവിതം ദുസ്സഹമാക്കുന്ന അവസ്ഥ തുടരുകയാണ്. 

Read Also: 'പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു'; സ്ഥിരീകരിച്ച് മന്ത്രി


 

PREV
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക