തലസ്ഥാനത്തെ മിന്നല്‍ പണിമുടക്ക്; 18 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി

By Web TeamFirst Published Mar 7, 2020, 6:17 PM IST
Highlights

പ്രശ്‍നങ്ങളുണ്ടാക്കിയ സ്വകാര്യ ബസ്സിന്‍റെ പെർമിറ്റ് റദ്ദക്കാനും മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. തിരുവനന്തപുരം ആര്‍ടിഒ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.  

തിരുവനന്തപുരം: തലസ്ഥാനത്തെ അഞ്ച് മണിക്കൂർ ദുരിതത്തിലാക്കിയ മിന്നൽ പണിമുടക്കിൽ കെഎസ്ആർടിസി ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി തുടങ്ങി. പതിനെട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളാണ് തുടങ്ങിയത്.  പ്രശ്‍നങ്ങളുണ്ടാക്കിയ സ്വകാര്യ ബസ്സിന്‍റെ പെർമിറ്റ് സസ്പെന്‍ഡ് ചെയ്യാനും മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. തിരുവനന്തപുരം ആര്‍ടിഒ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.  

കെഎസ്ആര്‍ടിസി ജീവനക്കാര്‍ തിരുവനന്തപുരത്ത് ബുധനാഴ്ച നടത്തിയ മിന്നല്‍ സമരം തെറ്റെന്ന് കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബസ്സുകള്‍ റോഡില്‍ നിരത്തിയിട്ട് ഗതാഗത സ്തംഭനമുണ്ടാക്കിയ  ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും കളക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഗതാഗത വകുപ്പും കെഎസ്ആര്‍ടിയും സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

സമാന്തര സര്‍വ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്, കെഎസ്ആ‍ര്‍ടിസി ജീവനക്കാർ പിടികൂടിയതിന് പിന്നാലെയുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിലേക്കും മിന്നൽ പണിമുടക്കിലേക്കും നയിച്ചത്. സ്വകാര്യ ബസ് പിടികൂടിയ എടിഒയെയെ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് പണിമുടക്കിന്‍റെ കാരണം. തർക്കത്തിനിടെ എടിഒ അടക്കമുള്ള കെഎസ്ആർടിസി ജീവനക്കാർ എസ്ഐയെ കയ്യേറ്റം ചെയ്തിരുന്നു. ആറ്റുകാൽ ക്ഷേത്രത്തിലേക്ക് സമാന്തര സർവ്വീസ് നടത്തിയ ഒരു സ്വകര്യ ബസ്സാണ് പത്തുമണിയോടെ കെഎസ്ആ‌ർടിസി എടിഒ സാം ലോപ്പസ്, ഇൻസ്പെക്ടർ രാജേന്ദ്രൻ, ഡ്രൈവർ സുരേഷ് എന്നിവർ ചേർന്ന് പിടികൂടിയത്. 

സ്വകാര്യ ബസ് ജീവനക്കാരും കെഎസ്ആർടിസി ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടാകുന്നതിനിടെ ഫോ‍ർട്ട് എസ്ഐ സുജിത്ചന്ദ്ര പ്രസാദ് സ്ഥലത്തെത്തി. സ്വകാര്യ ബസ്സ് ഗതാഗതതടസ്സമുണ്ടാകാതെ മാറ്റിയിടാൻ ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു. കെഎസ്ആർടിസി ജീവനക്കാർ മ‍ർദ്ദിച്ചതായി സ്വകാര്യബസ്സിലെ ഭിന്നശേഷിക്കാരനായ ക്ലീനർ പൊലീസിന് പരാതി നൽകി. ഇതിനിടെ കെഎസ്ആർടിസി ജീവനക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി പിന്നാലെ എടിഒയെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. 

എടിഒയുടെ കസ്റ്റഡിക്ക് പിന്നാലെ സമരങ്ങൾ അതിവേഗം തുടങ്ങുകയായിരുന്നു. ആദ്യം കെഎസ്ആർടിസി ജീവനക്കാർ ഫോർട്ട് സ്റ്റേഷൻ ഉപരോധിച്ചു. കിഴക്കേകോട്ട ഡിപ്പോയിലെ ജീവനക്കാർ പണിമുടക്ക് ബസ്സുകൾ റോഡിലിട്ടു. സിറ്റി സർവ്വീസുകൾക്ക് പിന്നാലെ തമ്പാനൂരിൽ നിന്നുള്ള ദീർഘദൂര സ‍ര്‍വ്വീസുകളും പെട്ടെന്ന് പണിമുടക്കി. റോഡിലൂടനീളം ബസ്സുകൾ നിർത്തിയായിരുന്നു പണിമുടക്ക്. 

click me!