
തിരുവനന്തപുരം: വരുമാനത്തിന് പുറമേ വലിയ സാമ്പത്തിക ലാഭത്തിനും വഴിയൊരുക്കുകയാണ് വിഴിഞ്ഞം തുറമുഖം. ട്രാൻസ്ഷിപ്പ്മെന്റ് കാർഗോ നീക്കത്തിലൂടെ ഇനി വിഴിഞ്ഞം വഴി രാജ്യത്തിന് ലാഭം പ്രതിവർഷം 220 മില്യൺ ഡോളറായിരിക്കുമെന്നാണ് കണക്കുകൂട്ടൽ. ഏകദേശം 1900 കോടിയോളം ഇന്ത്യൻ രൂപയെന്ന് സാരം. അത്യാധുനിക, നൂതന സാങ്കേതിക സംവിധാനത്തോടെ പണിത തുറമുഖം ചരക്ക് നീക്കത്തിന് ഇതുവരെ കാണാത്ത വേഗം നൽകും. ഓരോ കണ്ടെയ്നറിനും 100 ഡോളർ വരെ ലാഭം ലഭിക്കും. ഈ സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങൾ വിഴിഞ്ഞത്തെ ആശ്രയിക്കുമെന്നുറപ്പാണ്.
വിശദവിവരങ്ങൾ ഇങ്ങനെ
രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി മാറുമ്പോൾ, പ്രതിവർഷം 220 മില്യൺ ഡോളർ രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്നത് തടയാമെന്നാണ് പ്രതീക്ഷ. നിലവിൽ ഇന്ത്യയുടെ 75 ശതമാനത്തോളം ട്രാൻസ്ഷിപ്പ്മെന്റ് കാർഗോ നീക്കവും കൊളംബോ, സലാല, ദുബായ്, സിംഗപ്പൂർ തുറമുഖങ്ങൾ വഴിയാണ്. കൂറ്റൻ മദർഷിപ്പുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ ബർത്ത് ചെയ്യാനാവില്ലെന്നതായിരുന്നു ഇതിന് കാരണം. ആ കഥ മാറുകയാണ്. ട്രാൻസ്ഷിപ്പ് കാർഗോ ഇനി സ്വാഭാവിക ആഴക്കടൽ ഉള്ള വിഴിഞ്ഞം വഴി കൈകാര്യം ചെയ്യുന്നതോടെ ഓരോ കണ്ടെയ്നറിനും 80 മുതൽ 100 ഡോളർ വരെ ലാഭിക്കാം. കൂടുതൽ ഷിപ്പിംഗ് കമ്പനികൾ വിഴിഞ്ഞം തെരഞ്ഞെടുക്കും. അന്താരാഷ്ട്ര കപ്പൽ ചാൽ കണക്ടിവി സൗകര്യം കൂടി കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിന് ചുറ്റുമുള്ള റിം രാജ്യങ്ങളും വിഴിഞ്ഞത്തെ ആശ്രയിക്കും. വിഴിഞ്ഞത്ത് ഏത് കൂറ്റൻ കപ്പലിൽ നിന്നും ഒരു ദിവസം കൊണ്ട് ചരക്കിറക്കാം. കൂടുതൽ കപ്പലുകളെന്നാൽ, കൂടുതൽ കണ്ടെയ്നർ നീക്കം. അതോടെ കൂടുതൽ യൂസർ ഫീയും നികുതി വരുമാനവും. ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം എസ്‍ സിയുടെ യൂറോപ്പിലേക്കുള്ള ജേഡ് സർവീസിന്റെ ഭാഗമാണ് വിഴിഞ്ഞം. 2028 ൽ നാലാം ഘട്ടവും പൂർത്തിയാകുമ്പോൾ 45 ലക്ഷം കണ്ടെയ്നർ നീക്കമാണ് വിഴിഞ്ഞത്ത് പ്രതീക്ഷിക്കുന്നത്. സമയബന്ധിതമായി അടുത്ത ഘട്ട പ്രവർത്തനങ്ങളും റെയിൽ, റോഡ് അനുബന്ധ വികസന സൗകര്യങ്ങളും പൂർത്തിയാക്കുകയെന്നതാണ് ഇനി പ്രധാനം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam