ഓഖി വീശിയടിച്ചിട്ട് രണ്ട് വർഷം; വാഗ്ദാനം ചെയ്ത ജോലി കാത്ത് ദുരന്തബാധിതർ

By Web TeamFirst Published Dec 22, 2019, 11:05 AM IST
Highlights

ഓഖി ആശ്രിതരിൽ നിന്ന് പത്താംക്ലാസ് പാസായ 13 പേർക്ക് സർക്കാർ ജോലി നൽകുമെന്ന വാഗ്ദാനത്തിനും രണ്ടു വർഷത്തെ പഴക്കമായി. ഓഖിയുടെ വാർഷികം പോലും മറന്ന സർക്കാർ തങ്ങളെ ഇനിയെങ്ങനെ ഓർക്കുമെന്നാണ് ഇവരുടെ ആശങ്ക.

തിരുവനന്തപുരം: 143 പേരുടെ ജീവനെടുത്ത ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് പ്രഖ്യാപിച്ചിരുന്ന സ്ഥിരജോലി കാത്ത് തീരത്തുള്ളത് നൂറിലേറെ കുടുംബങ്ങൾ. ആശ്രിതർക്ക് ജോലി നൽകാൻ ലത്തീൻസഭയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ് ഓഖി ബാധിതരെ കയ്യൊഴിഞ്ഞിരിക്കുകയാണ് ഫിഷറീസ് മന്ത്രി.

തിരുവനന്തപുരത്തെ പൂന്തുറയിൽ നിന്ന് മാത്രം ഓഖി കവർന്നത് 35 ജീവനുകളാണ്. ഇവരിൽ പത്തു പേരുടെ ആശ്രിതർക്ക് മുട്ടത്തറയിലെ മത്സ്യഫെഡ് നെറ്റ് ഫാക്ടറിയിൽ ജോലി ലഭിച്ചു. ബാക്കിയുള്ളവർ ഇന്നും വരുമാനത്തിനായുള്ള കാത്തിരിപ്പിലും. രണ്ടു വർഷം കഴിഞ്ഞിട്ടും അർഹർക്ക് ജോലി കിട്ടാത്തതിന് കാരണം അന്വേഷിച്ചപ്പോൾ ഫിഷറീസ് മന്ത്രി പഴിചാരുന്നത് ലത്തീൻ സഭയെ. ബിഎഡ് ഉൾപ്പെടെ പാസായവർ പട്ടികയിലുണ്ടെന്നും ഇവർക്ക് ലത്തീൻ സഭയുടെ കീഴിലുള്ള സ്കൂളുകളിൽ ജോലി നൽകാനാകുമെന്ന് പറഞ്ഞ ഫിഷറീസ് മന്ത്രി എല്ലാവർക്കും നേരിട്ട് ജോലി നൽകാൻ സർക്കാരിനാകില്ലെന്നും പറഞ്ഞു. 

നെറ്റ് ഫാക്ടറിയിൽ ജോലി നൽകിയത് 42 പേർക്കെന്നാണ് വിവരാവകാശരേഖയിലുള്ളത്. ഇതിൽ 32 പേർ നിലവിൽ ജോലി ചെയ്തു വരുന്നു. പതിനായിരം രൂപയാണ് ഇവർക്ക് ലഭിക്കുന്ന ശമ്പളം. ഇത് തങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് ഓഖിബാധിതർക്ക് പറയാനുള്ളത്.

ഓഖി ആശ്രിതരിൽ നിന്ന് പത്താംക്ലാസ് പാസായ 13 പേർക്ക് സർക്കാർ ജോലി നൽകുമെന്ന വാഗ്ദാനത്തിനും രണ്ടു വർഷത്തെ പഴക്കമായി. ഓഖിയുടെ വാർഷികം പോലും മറന്ന സർക്കാർ തങ്ങളെ ഇനിയെങ്ങനെ ഓർക്കുമെന്നാണ് ഇവരുടെ ആശങ്ക.

click me!