
ഉരുൾപ്പൊട്ടൽ ഏറെ നശം വിതച്ച മേഖലയാണ് കോട്ടയത്തെ മുണ്ടക്കയം. പ്രതീക്ഷിക്കാതെ നാടാകെ പ്രളയം മുക്കിയപ്പോൾ മുണ്ടക്കയത്ത് നാട്ടുകാർക്ക് രക്ഷകരായത് പുത്തൻചന്തയിലെ ഒരു കൂട്ടായ്മയാണ്. 20 ഓളം കുടുംബങ്ങളെയാണ് ചെറുപ്പക്കാരുടെ കൂട്ടായ്മ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഒരു ടയർ ട്യൂബിന്റെ സഹായത്തോടെയായിരുന്നു ഇവരുടെ രക്ഷാ പ്രവർത്തനം. ഈ ചെറുപ്പക്കാരുടെ സമയോജിതമായ ഇടപെടലാണ് രക്ഷാദൗത്യത്തിൽ നിർണ്ണായകമായതി മുണ്ടക്കയത്ത് വലിയ ദുരന്തം ഒഴിവാക്കിയത്.
ടയറിൽ രക്ഷാപ്രവർത്തനം എന്ന ആശയം ഷെമീർ എന്ന ചെറുപ്പക്കാരന്റെ തലയിലായിരുന്നു ആദ്യം മിന്നിയത്. വെള്ളം കയറിയ ഇടത്ത് ഒരു വീടിന് മുകളിൽ രണ്ട് വയോധികരും കുട്ടികളും കുടുങ്ങിയെന്ന ആദ്യ വിവരം ലഭിച്ചപ്പോഴാണ് ടയറിൽ രക്ഷാപ്രവർത്തനം എന്ന ആശയം ഉണ്ടായതെന്ന് ഷെമീർ പറയുന്നു. ആ സമയത്ത് ആറ്റിൽ വലയിടാൻ കൊണ്ടുപോകുന്ന ടയർ ട്യൂബായിരുന്നു സമീപത്ത് ഉണ്ടായിരുന്നത്. മറ്റൊരു രക്ഷയുമില്ലാത്ത സ്ഥിതിക്ക് ടയർ ട്യൂബിലെങ്കിലും കയറ്റി ആളുകളെ രക്ഷപ്പെടുത്താൻ കഴിയുമോ എന്ന് നോക്കുകയായിരുന്നു. ടയറിന് മുകളിൽ ചാക്ക് കെട്ടി അതിൽ ആളുകളെ ഇരുത്തിയ ശേഷം കയറ് കെട്ടി, കയറിന്റെ മറു വശം ശരീരത്തിൽ ചേർത്ത് കെട്ടി നീന്തി റോഡിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് ഷെമീർ വിശദീകരിച്ചു. ഒപ്പം മറ്റുള്ളവരും ചേർന്നപ്പോൾ ഇരുപതോളം കുടുംബങ്ങളെ ആ രീതിയിൽ തന്നെ രക്ഷപ്പെടുത്താൻ സാധിച്ചെന്നും ഷെമീർ പറഞ്ഞു.
കണ്ണടച്ച് തുറക്കും മുന്നേ വീടിന് മുകളിൽ വരെ വെള്ളം കയറിയപ്പോൾ രക്ഷാപ്രവർത്തനം നടത്താൽ യാതൊരു പരിശീലനങ്ങളും ലഭിച്ചിട്ടില്ലാത്ത ഈ ചെറുപ്പക്കാർ സ്വന്തം ജീവൻ പണയം വെച്ചാണ് ഈ നാട്ടുകാരുടെ രക്ഷകരായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam