
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ നിരീക്ഷണത്തിലുണ്ടായിരുന്ന 20 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിരീക്ഷണത്തിൽ പുതിയതായി ഒരാളാണ് അഡ്മിറ്റായത്. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇതുവരെ ആകെ 860 പേര്‍ക്ക് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.
സമ്പർക്കപ്പട്ടികയിലുള്ളവരിൽ ഇതിനോടകം പുറത്തുവന്ന പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവായിരുന്നു. രോഗപ്പകർച്ചയുടെ ലക്ഷണങ്ങളില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ നാളിതുവരെ നിപ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവ് വരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ചേര്‍ന്ന അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. ജില്ലാ ഭരണകൂടത്തെയാണ് ഇതിനുള്ള മാർഗ നിർദേശങ്ങൾ നൽകാൻ ചുമതലപ്പെടുത്തിയത്. അതേസമയം നിലവിൽ ഐസൊലേഷനിലുള്ളവര്‍ കൃത്യമായി ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. മാസ്‌ക്, സാമൂഹിക അകലം എന്നിവ തുടരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam