
കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിൽ യുവതി ആത്മഹത്യ ചെയ്തത് ഭർത്താവിന്‍റെയും അമ്മയുടെയും മാനസിക പീഡനം സഹിക്കവയ്യാതെയെന്ന് ബന്ധുക്കളുടെ പരാതി. സെപ്തംബർ 3നാണ് 24 കാരിയായ സൂര്യയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സൂര്യയെ ഭർത്താവ് രാഗേഷും അമ്മയും ചേർന്ന് നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നത്. സംഭവത്തില്‍ പയ്യന്നൂർ പൊലീസ് കേസെടുത്തു.
2021 ജനുവരി ഒൻപതിനാണ് സൂര്യയുടെയും കരിവെള്ളൂർ പൂക്കാനത്ത് രാഗേഷിന്‍റെയും വിവാഹം കഴിഞ്ഞത്. സൂര്യയ്ക്ക് 8 മാസം പ്രായമുള്ള മകനുണ്ട്. ഭർത്താവിന്‍റെയും അമ്മയുടെയും സമ്മതമില്ലാതെ സ്വന്തം വീട്ടിൽ പോകാനോ വീടിന് പുറത്തിറങ്ങാനോ സൂര്യയ്ക്ക് അനുവാദമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സ്വന്തം വീട്ടിലേക്ക് ഫോൺ വിളിക്കാൻ പോലും സമ്മതിച്ചിരുന്നില്ലെന്നാണ് സൂര്യയുടെ കുടുംബം ആരോപിക്കുന്നത്. രാഗേഷും അമ്മ ഇന്ദിരയും സൂര്യയെ നിരന്തരം മാനസികമായി പീഡിപ്പിച്ചു. പലപ്പോഴും ഭക്ഷണം പോലും കൊടുത്തില്ലെന്നും 8 മാസം പ്രായമുള്ള കുട്ടിയെ നോക്കിയില്ലെന്നുമാണ് പരാതി. തന്‍റെ ഫോണിൽ എല്ലാ തെളിവുകളുമുണ്ടെന്ന് മരിക്കുന്നതിന് മുൻപ് സൂര്യ സഹോദരിക്കയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്.
Read More: 'മകളോട് ഒന്ന് സംസാരിക്കാന്‍ പോലും അനുവദിച്ചില്ല'; പറവൂരിൽ തൂങ്ങിമരിച്ച യുവതിയുടെ അച്ഛന്‍
സൂര്യ ആത്മഹത്യ ചെയ്ത ദിവസം വീട്ടിലേക്ക് വിളിച്ചെങ്കിലും പ്രയാസമുള്ളതായി പറഞ്ഞിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ ആ ഫോണ്‍ വിളിക്ക് ശേഷം കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് സൂര്യയുടെ വീട്ടുകാര്‍ സംശയിക്കുന്നത്. മകൾ പ്രയാസം അനുഭവിക്കുന്നത് അറിയാമായിരുന്നെങ്കിലും അവളോട് ഭർതൃ വീട്ടിൽ പിടിച്ച് നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂര്യയുടെ അമ്മ പറയുന്നത്.
സംഭവത്തില്‍, സൂര്യയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. സൂര്യയുടെ ഫോൺ ഭർതൃവീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബന്ധുക്കളെ ചോദ്യം ചെയ്തതായും പൊലീസ് പറയുന്നു. രാഗേഷിനെയും അമ്മയെയും ഉടൻ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam