25000കോടിയുടെ ലഹരി മരുന്ന് പിടികൂടിയ കേസിൽ എൻസിബിക്ക് തിരിച്ചടി; ഇറാനിയൻ പൗരനെ കോടതി കുറ്റവിമുക്തനാക്കി

Published : Jan 15, 2025, 04:59 PM ISTUpdated : Jan 15, 2025, 06:48 PM IST
25000കോടിയുടെ ലഹരി മരുന്ന് പിടികൂടിയ കേസിൽ എൻസിബിക്ക് തിരിച്ചടി; ഇറാനിയൻ പൗരനെ കോടതി കുറ്റവിമുക്തനാക്കി

Synopsis

കൊച്ചി തീരത്തുനിന്ന് 25000 കോടിയുടെ ലഹരി മരുന്നു പിടികൂടിയ കേസിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് തിരിച്ചടി. കേസിൽ അറസ്റ്റിലായ ഇറാനിയൻ പൗരൻ സുബൈറിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കി

കൊച്ചി: കൊച്ചി തീരത്തുനിന്ന് 25000 കോടിയുടെ ലഹരി മരുന്നു പിടികൂടിയ കേസിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് തിരിച്ചടി. കേസിൽ അറസ്റ്റിലായ ഇറാനിയൻ പൗരൻ സുബൈറിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കി. പാക്കിസ്ഥാനിൽ നിന്നുള്ള സംഘം ഇന്ത്യയിലേക്ക് ലഹരി കടത്തി എന്നായിരുന്നു എൻസിബിയുടെ കണ്ടെത്തൽ.

കേസിൽ അറസ്റ്റിലായ ഏക പ്രതിക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് കോടതി കണ്ടെത്തി. എറണാകുളം ജില്ലാ കോടതിയാണ് ഇറാനിയൻ പൗരനെ തെളിവുകള്‍ ഇല്ലെന്ന് കണ്ടെത്തി കുറ്റവിമുക്തനാക്കി ഉത്തരവിറക്കിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ലഹരി കേസുകളിലൊന്നായിരുന്നു ഇത്.

2023 മെയ് മാസത്തില്‍ നാവികസേനയുടെ സഹായത്തോടെയാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കൊച്ചി തീരത്തു നിന്ന്  25000 കോടി രൂപയുടെ ലഹരി മരുന്ന് പിടിച്ചെടുത്തത്. 2525 കിലോ മെത്താഫിറ്റമിനുമായി പാകിസ്താനില്‍ നിന്നാണ് ലഹരിക്കപ്പല്‍ കൊച്ചി തീരത്ത് എത്തിയതെന്നായിരുന്നു കുറ്റപത്രത്തിലെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ ഇറാനിയന്‍ പൗരനായ സുബൈര്‍ എന്ന ഏകപ്രതിയെയാണ് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഏഴ് കുറ്റവിമുക്തനാക്കിയത്. 

രാജ്യത്തെ തന്നെ ഏറ്റവും വലിയ ലഹരി കേസുകളിലൊന്നിലാണ് പ്രതിയെ വെറുതെ വിട്ടിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ സുബൈറിനൊപ്പം മറ്റ് അഞ്ചു പേര്‍ കൂടി ലഹരി കടത്തിയ കപ്പലില്‍ ഉണ്ടായിരുന്നെന്നായിരുന്നു കുറ്റപത്രത്തില്‍ എന്‍സിബി പറഞ്ഞത്. എന്നാല്‍, ഇവരെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിയാതിരുന്നത് വിചാരണയില്‍ തിരിച്ചടിയായി. പാകിസ്താന്‍ പൗരനാണെന്ന സംശയത്തിലാണ് അന്വേഷണ ഏജന്‍സി സുബൈറിനെ അറസ്റ്റ് ചെയ്തതെങ്കിലും ഇയാള്‍ ഇറാന്‍ പൗരനാണെന്ന് പ്രതിഭാഗം കോടതിയില്‍ തെളിയിച്ചു. 

കപ്പലില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന സുബൈറിന്‍റെ വാദവും കോടതി മുഖവിലയ്ക്കെടുത്തു.  അഭിഭാഷകരായ മുഹമ്മദ് സബാഹും,ലിബിന്‍ സ്റ്റാന്‍ലിയുമാണ് കേസില്‍ പ്രതിഭാഗത്തിനായി ഹാജരായത്. ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന സുബൈറിനെ ഉടന്‍ ഇറാനിലേക്ക് മടക്കി അയക്കാനുളള നടപടികള്‍ തുടങ്ങാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

1500 കോടിയുടെ ലഹരി കേസിലെ 24 പ്രതികളെ വെറുതെ വിട്ടു

ഇതിനിടെ, ലക്ഷദ്വീപ് തീരത്തു നിന്ന്  1500 കോടിയുടെ ലഹരി പിടിച്ച കേസിലെ 24 പ്രതികളെ വെറുതെ വിട്ടത് കേന്ദ്ര ഏജന്‍സിയായ ഡിആര്‍ഐയ്ക്കും ക്ഷീണമായി. 2022 മെയ് മാസത്തിലായിരുന്നു ലക്ഷദ്വീപ് തീരത്തു നിന്ന് 1526 കോടി രൂപയുടെ ഹെറോയിന്‍ ഡിആര്‍ഐ പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന 20 മത്സ്യതൊഴിലാളികളടക്കം 24 പേരാണ് കേസില്‍ പ്രതികളായത്. എന്നാല്‍, ഈ കേസിലും കുറ്റം പൂര്‍ണമായി തെളിയിക്കാനാവുന്ന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇതോടെയാണ് കേസിലെ 24 പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ട് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ട് ഉത്തരവിട്ടത്. രണ്ട് കേസിലും അപ്പീല്‍ നല്‍കാനാണ് കേന്ദ്ര ഏജന്‍സികളുടെ തീരുമാനം.

സമാധി വിവാദം; മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? നിര്‍ണായക ചോദ്യങ്ങളുമായി ഹൈക്കോടതി,'സംശയാസ്പദമായ സാഹചര്യമുണ്ട്'


 

PREV
Read more Articles on
click me!

Recommended Stories

ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു
കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്