
ആധുനിക മലയാള മാധ്യമപ്രവർത്തനത്തിന് മനുഷ്യത്വത്തിന്‍റെ മുഖം മാത്രമല്ല, പോരാട്ടമുഖവും നൽകിയ മാധ്യമപ്രവർത്തകനാണ് കെ ജയചന്ദ്രൻ. പൂർവ്വ മാതൃകകളില്ലാതിരുന്ന കാലത്ത് ടെലിവിഷൻ ജേർണലിസത്തിന് കൃത്യമായ ദിശാബോധം പകർന്ന് നൽകിയ ജയചന്ദ്രൻ അകാലത്തിലാണ് വിടവാങ്ങിയത്. ആ വേർപാടിന് ഇന്നേക്ക് ഇരുപത്തഞ്ചാണ്ട് തികയുകയാണ്.
വാർത്തകളുടെ നിശ്ശബ്ദനായ കാഴ്ചക്കാരനും ലേഖകനും മാത്രമല്ല അതിലെ പങ്കാളി കൂടിയാണ് മാധ്യമപ്രവർത്തകൻ എന്ന് ജീവിതം കൊണ്ട് കാട്ടിത്തന്ന അതുല്യപ്രതിഭയായിരുന്നു കെ ജയചന്ദ്രൻ. ജയചന്ദ്രൻ ജനങ്ങളോട് സംസാരിച്ചത് പ്രധാനമായും തന്റെ വാസ്തവ കഥകളിലൂടെയായിരുന്നു. ആദ്യം പത്രപ്രവര്‍ത്തകനായി അക്ഷരങ്ങളിലൂടെയും പിന്നീട് ദൃശ്യമാധ്യമ പ്രവര്‍ത്തകനായി ദൃശ്യങ്ങളിലൂടെയും. എൺപതുകളിൽ മാതൃഭൂമിയുടെ വയനാട് ജില്ലാ ലേഖകനായിക്കെ എഴുതിയ അന്വേഷണാത്മക റിപ്പോർട്ടുകളാണ് ജയചന്ദ്രനെ ശ്രദ്ധിക്കപ്പെടുന്ന പത്രപ്രവർത്തകനാക്കി മാറ്റിയത്. തൊണ്ണൂറുകളിൽ ഏഷ്യാനെറ്റ് ന്യൂസിൽ കോഴിക്കോട് ബ്യൂറോ ചീഫായി. വാർത്തകൾക്ക് പുറമെ അന്വേഷണം, കണ്ണാടി എന്നിവകള്‍ക്ക് ഏറെ ദൃശ്യകഥകൾ സംഭാവന ചെയ്തു.
വെള്ളത്തിൽ മീനെന്ന പോലെ ജയചന്ദ്രൻ ജനങ്ങൾക്കിടയിൽ ജീവിച്ചു. അവരുടെ ജീവിതം സ്വയം അനുഭവിച്ചു. ആ ജീവിതത്തിന്റെ സന്തോഷങ്ങളും യാതനകളും ഉത്കണ്ഠകളും ലോകത്തെ അറിയിച്ചു. ജയചന്ദ്രന്റെ മാനുഷികത നിറഞ്ഞൊഴുകിയ സന്ദർഭമായിരുന്നു, എച്ച് ഐ വി ബാധിതയായി ഒറ്റപ്പെട്ട പത്തനംതിട്ടയിലെ മലയാലപ്പുഴയിലെ സുശീലയുടെ ദുരിതങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട്. മേലുദ്യോഗസ്ഥരുടെ കല്പനപ്രകാരം സഖാവ് വർഗീസിനെ വെടിവെച്ചു കൊന്നു എന്ന വെളിപ്പെടുത്തൽ കോൺസ്റ്റബിൾ രാമചന്ദ്രൻ നായരിൽ നിന്നുണ്ടായപ്പോൾ അത് പുറത്തു വന്നത് ജയചന്ദ്രനിലൂടെയായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ശാസ്തമംഗലം പൊലീസ് ക്യാമ്പിൽ ക്രൂരമർദ്ദനത്തിനിരയായി മരിച്ച വർക്കല വിജയന്റെ ജഡം മേലധികാരികളുടെ നിർദേശപ്രകാരം ചാക്കിൽ കെട്ടി കൊണ്ടുപോയി കത്തിച്ച ദയാനന്ദൻ എന്ന പൊലീസ് ഡ്രൈവറുടെ തുറന്നു പറച്ചിലും ജയചന്ദ്രൻ കേട്ടു, മലയാളികളെ കേൾപ്പിച്ചു. ജയചന്ദ്രന്റെ അവസാന റിപ്പോർട്ട് മരണത്തെക്കുറിച്ചായതും യാദൃച്ഛികമാവാം. കൊല്ലം ജില്ലയിൽ അനാഥ ശവങ്ങൾ സംസ്കരിക്കുന്ന സന്തോഷ് എന്ന ചെറുപ്പക്കാരനെ ജയചന്ദ്രൻ കണ്ടുമുട്ടിയത് മരണത്തിന് കുറച്ചു നാളുകൾക്ക് മുമ്പാണ്, ഒരു യാത്രക്കിടെയാണ്. മുന്നൂറോളം അനാഥ ശവങ്ങൾക്ക് അന്ത്യക്രിയ ചെയ്ത സന്തോഷിന് പുതിയൊരു ജീവിതത്തിലേക്ക് വാതിൽ തുറന്നായിരുന്നു ജയചന്ദ്രൻ തന്റെ മാധ്യമ ജീവിതം അവസാനിപ്പിച്ചത്.