
തൃശൂര്‍: ബാങ്കിന്‍റെ ജപ്തി നടപടിയിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂർ കാഞ്ഞാണി സ്വദേശി വിഷ്ണുവാണ് രാവിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്തത്. വീട് ഒഴിയാൻ സൗത്ത് ഇന്ത്യൻ ബാങ്ക് സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് മകൻ ആത്മഹത്യ ചെയ്തത് എന്ന് പിതാവ് വിനയൻ പറഞ്ഞു. ഇന്ന് രാവിലെയാണ് വിഷ്ണുവിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്ക് ആവശ്യപ്പെട്ടത് പ്രകാരം വീടിന്‍റെ താക്കോൽ കൈമാറിയിരുന്നു. തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് മാറാൻ തയാറെടുക്കുകയായിരുന്നു കുടുംബം. 12 വർഷം മുമ്പ് വീട് വെയ്ക്കാനായി വിഷ്ണുവിന്‍റെ കുടുംബം 8 ലക്ഷം രൂപ സൗത്ത് ഇന്ത്യൻ ബാങിന്‍റെ കാഞ്ഞാണി ശാഖയിൽ നിന്ന് വായ്പ എടുത്തിരുന്നു.
8 ലക്ഷത്തി എഴുപത്തിനാലായിരം രൂപ തിരിച്ചടച്ചു. എന്നാല്‍, കൊവിഡ് പ്രതിസന്ധിയിൽ അടവു മുടങ്ങി കുടിശ്ശികയായി. ആറു ലക്ഷം രൂപ കുടിശിക വന്നതോടെയാണ് ജപ്തി നടപടിയുണ്ടായത്. വീട് ഒഴിയാൻ ബാങ്ക് ആവശ്യപ്പെടുകയായിരുന്നു. ജനപ്രതിനിധികളടക്കം ബാങ്കിനോട് സാവകാശം ചോദിച്ചെങ്കിലും നൽകിയില്ലെനാണ് ആക്ഷേപം.പണമടയ്ക്കാൻ ബാങ്കില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു.എടുത്തതിനെക്കാൾ കൂടുതൽ തിരിച്ച് അടച്ചിരുന്നുവെന്നും കോവിഡ് പ്രതിസന്ധിയിലാണ് അടവ് മുടങ്ങിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.ഇന്ന് ഒഴിയണമെന്നാണ് ബാങ്ക് നിര്‍ദേശം നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.
വിഷ്ണുവിന്‍റേത് നിര്‍ധന കുടുംബമാണെന്നും ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ബാങ്കിനോട് സാവകാശം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ഇന്ന് രാവിലെ വീട് പൂട്ടി താക്കോല്‍ നല്‍കാൻ ഭീഷണിപ്പെടുത്തിയെന്നും മണലൂർ ആറാം വാർഡ് മെമ്പർ ടോണി അത്താണിക്കൽ ആരോപിച്ചു.വെൽഡിങ് തൊഴിലാളിയാണ് മരിച്ച വിഷ്ണു. തൃശൂർ ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam