
ഫ്ലക്സ് കെട്ടി, തോരണം തൂക്കി, എസ് പി സിക്കാരെ അണി നിരത്തി. ആദ്യമായെത്തുന്ന ഒന്നാം ക്ലാസുകാരെ സ്വീകരിക്കുന്നത് പോലെയുള്ള ഒരു കാത്തിരിപ്പും പ്രവേശനോത്സവവുമാണ് തിരുവനന്തപുരം എസ് എംവി സ്കൂളിൽ ഇന്ന് നടന്നത്. ഇന്നലെ വരെ ബോയ്സ് സ്കൂളായിരുന്ന എസ്എം വി സ്കൂൾ ഇന്നുമുതൽ പുതു ചരിത്രത്തിലേക്ക് കടക്കുകയാണ്. നൂറ്റാണ്ടിലധികം പഴക്കമുള്ള എസ്എംവി ഹൈസ്കൂളിൽ 5 പെൺകുട്ടികളാണ് ആദ്യ ബാച്ചിൽ പ്രവേശനം നേടിയത്. ഒമ്പതാം ക്ലാസിലേക്ക് അഖില അജയനും മാജിതയും എട്ടാം ക്ലാസിലേക്ക് വിസ്മയയും സഞ്ജനയും ആറാം ക്ലാസിൽ ദർശനയും ഇനി എസ് എം വി സ്കൂളിൽ പഠനം തുടരും.
ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിച്ചിരുന്ന സംസ്ഥാനത്തെ 32 സ്കൂളുകളാണ് എസ്.എം.വി സ്കൂളിനെ പോലെ പോലെ ഇന്ന് മുതൽ മിക്സഡ് സ്കൂൾ ആയി മാറിയത്. നേരത്തെ ബോയ്സ് ഒൺളിയായിരുന്ന സ്കൂളുകളിൽ പെൺകുട്ടികൾക്ക് ടോയ്‍ലറ്റുകൾ ഉൾപ്പടെ പ്രത്യേകം സൗകര്യമൊരുക്കിയാണ് പ്രവേശനം നൽകിയത്. ചിലയിടത്ത് ചെറിയ എതിർപ്പുകളുണ്ടായെങ്കിലും ഇത് പുതിയ ചുവടുവെയ്പ്പായാണ് ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് പഠിക്കുന്ന രീതിയിലേക്കുള്ള മാറ്റത്തെ കാണുന്നത്.
കേരളത്തിൽ അടുത്ത അധ്യയനവർഷം മുതൽ മിക്സഡ് സ്കൂളുകൾ മതിയെന്നായിരുന്നു ബാലാവകാശ കമ്മീഷൻ ശുപാർശയാണ് ഒരു വർഷത്തിനുള്ളിൽ നടപ്പായത്. സഹവിദ്യാഭ്യാസം നടപ്പാക്കാനായി ബോയ്സ്, ഗേൾസ് സ്കൂളുകൾ എന്നീ വിഭജനം മാറ്റണമെന്നായിരുന്നു ശുപാർശ. വിവിധ പഠനങ്ങളെ ചൂണ്ടിക്കാട്ടി ലിംഗസമത്വം ശരിയായ രീതിയിൽ മനസ്സിലാക്കി പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിനും ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കണമെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. പൊതുപ്രവർത്തകനായ ഡോക്ടർ ഐസക് പോൾ നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു ബാലാവകാശ കമ്മീഷൻ്റെ നിർണായക ഉത്തരവ്.
വീഡിയോ കാണാം
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam