
തിരുവനന്തപുരം:ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാര്‍ശ നല്‍കിയതുമായി ബന്ധപ്പെട്ട് മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷന്‍. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി.കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്‍റെ ചുമതലയുള്ള ജോയിന്‍റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.
പ്രതിപക്ഷ നേതാവിന്‍റെ സബ്‍മിഷൻ നിയമസഭയിൽ വരുന്നതിനു മുൻപേയാണ് സർക്കാർ തീരുമാനം. ഇതേ വിഷയത്തില്‍ കെ.കെ രമ എം.എൽ.എ കഴിഞ്ഞ ദിവസം നിയമസഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് അവതിരിപ്പിക്കാന്‍ അനുമതി തേടിയിരുന്നെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. ശിക്ഷാ ഇളവിന് നീക്കമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ ജയിലുകളിലെ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ ഇളവ് / അകാല വിടുതല്‍ നല്‍കുന്നത് സംബന്ധിച്ച് 25.11.2022ലെ സര്‍ക്കാര്‍ ഉത്തരവിലെ മാനദണ്ഡ പ്രകാരം പരിഗണിക്കേണ്ട തടവുകാരുടെ പട്ടിക ജയില്‍ മേധാവി സര്‍ക്കാരില്‍ ലഭ്യമാക്കിയിരുന്നു.
പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടതായി കണ്ടതിനാല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പുതുക്കിയ പട്ടിക സമര്‍പ്പിക്കുവാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി 03.06.2024ന് ജയില്‍ വകുപ്പ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രത്യേക ഇളവ് അനുവദിക്കരുതെന്ന് ബഹു. കോടതി പ്രഖ്യാപിച്ചിട്ടുള്ള കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് നിലവിലെ മാനദണ്ഡപ്രകാരം ശിക്ഷായിളവിന് അര്‍ഹതയില്ല. SC No. 867/2012 കേസിലെ ശിക്ഷാതടവുകാര്‍ക്ക് 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കും മുമ്പ് ഇളവ് അനുവദിക്കരുതെന്ന ബഹു. ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam