
കോഴിക്കോട്: സമൂഹവ്യാപനഭീതി നിലനിൽക്കുന്ന നാദാപുരത്തിന് അടുത്തുള്ള തൂണേരിയിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 600 പേരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് 43 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ആൻ്റിജൻ ടെസ്റ്റിലാണ് ഇത്രയും പേരുടെ ഫലം സ്ഥിരീകരിച്ചിരിക്കുന്നത്. പിസിആർ പരിശോധന കൂടി നടത്തിയ ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവൂ.
ഇന്നലെ തൂണേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ അഞ്ഞൂറ് പേരുടെ സാംപിൾ ശേഖരിച്ച് പരിശോധിച്ചതിൽ 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ തൂണേരി പഞ്ചായത്ത് പ്രസിഡൻ്റും രണ്ട് വാർഡ് മെംബർമാരും ഉൾപ്പെടും. ഇതേ തുടർന്നാണ് ഇന്ന് കൂടുതൽ പേരെ ഉൾപ്പെടുത്തി കൊവിഡ് പരിശോധന നടത്തിയത്.
തൂണേരി പഞ്ചായത്തിലെ നാലാം വാർഡ് സ്വദേശിനിയായ 67-കാരിക്കാണ് പ്രദേശത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. കാലിന് ശസ്ത്രക്രിയ ചെയ്യാനായി കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് കൊവിഡ് പരിശോധന നടത്തിയപ്പോൾ ആണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി അതിലുള്ളവരേയും പരിശോധിച്ചപ്പോൾ തൂണേരി ഗ്രാമത്തിലാകെ വൈറസ് പടർന്ന് വിവരം പുറത്തറിയുന്നത്. ഇവരുടെ മകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗം ബാധിച്ച സ്ത്രീ പല മരണവീടുകളിലും എത്തിയിരുന്നതായി ആരോഗ്യവകുപ്പിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിലേറെയും ഈ മരണവീടുകളിൽ എത്തിയവരാണ്. കണ്ണൂർ പെരിങ്ങത്തൂർ പുല്ലൂക്കരയിലെ ഒരു മരണവീട്ടിലേക്കും ഇവർ പോയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മകൻ കഴിഞ്ഞ വെള്ളിയാഴ്ച ജുമാ നിസ്കാരത്തിന് പള്ളിയിലെത്തിയിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇത്രയേറെ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിലെ ഏറ്റവും ക്ലസ്റ്ററായി തൂണേരി മാറുകയാണ.്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam