
ദില്ലി: കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത കർഷകരും സമരത്തിനെതിരെ പ്രതിഷേധിച്ച ഒരു വിഭാഗവും ഇന്നലെ സമരവേദിയായ സിംഘുവിൽ ഏറ്റുമുട്ടിയ സംഭവത്തിൽ കർഷകരടക്കം 44 പേർ അറസ്റ്റിൽ. പൊലീസ് ഉദ്യോഗസ്ഥനെ വാളുകൊണ്ട് ആക്രമിച്ച യുവാവിനെയും അറസ്റ്റ് ചെയ്തതായി ദില്ലി പൊലീസ് അറിയിച്ചു. 22 കാരനായ രഞ്ജീത് സിംഗാണ് അറസ്റ്റിലായത്. കൊലപാതക ശ്രമത്തിനടക്കം ഇവർക്കെതിരെ കേസെടുത്തു. അലിപൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ആരംഭിച്ചു.
ഇന്നലെ ഉച്ചയോടെയാണ് സിഘുവിലെ കർഷകരുടെ സമരവേദിയിലെത്തിയ പ്രതിഷേധക്കാർ സമരവേദികളിൽ ചിലത് തല്ലിപ്പൊളിക്കുകയും കർഷകരെ ആക്രമിക്കുകയും ചെയ്തത്. തുടർന്ന് കർൽകരും തിരിച്ചടിച്ചു. ഇതോടെകർഷകരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. സ്ഥലത്ത് കല്ലേറും സംഘർഷാവസ്ഥയും ഉണ്ടായതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
സിംഘുവിന് മുമ്പ് ഗാസിപ്പൂർ അതിർത്തിയിൽ പൊലീസ് സമരവേദി ഒഴിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ സമരം ചെയ്യുന്ന കർഷകരും കർഷക നേതാക്കളും സമരവേദി ഒഴിപ്പിക്കാൻ നടത്തിയ പൊലീസ് നീക്കത്തെ പ്രതിരോധിച്ചു. ബിജെപി നേതാക്കളായിരുന്നു പൊലീസിനൊപ്പെം എത്തിയതെന്നും അറസ്റ്റ് വരിക്കില്ലെന്നും സമരവേദിയൊഴിയില്ലെന്നുമാണ് രാകേഷ് ടിക്കായത്ത് അടക്കമുള്ള കർഷക നേതാക്കൾ പ്രതികരിച്ചത്. തുടർന്ന് ടിക്കായത്തിന്റെ ആഹ്വാനമനുസരിച്ച് ആയിരക്കണക്കിന് കർഷകരാണ് സമരവേദിയിലേക്ക് എത്തിയത്. ഈ സംഭവത്തിൽ പശ്ചിമയുപിയിലെ ബിജെപി നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ട്. നടപടിയിലൂടെ രാകേഷ് ടിക്കായത്തിനെ ഹീറോ ആക്കിയെന്ന് പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam