
തിരുവനന്തപുരം: തിരുനെല്ലി കാട്ടില്‍ പോലീസ് വെടിയേറ്റു മരിച്ച നക്സൽ വര്‍ഗ്ഗീസിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വര്‍ഗ്ഗീസിൻ്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവര്‍ക്ക് നഷ്ടപരിഹാരം നൽകാൻ സെക്രട്ടറി തല സമിതിയാണ് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്. വര്‍ഗ്ഗീസ് കൊല്ലപ്പെട്ട് 51 കൊല്ലത്തിന് ശേഷമാണ് കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാൻ വഴിയൊരുങ്ങുന്നത്.
1970 ഫെബ്രുവരി 18-നാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്. വ്യാജ ഏറ്റുമുട്ടലിലാണ് നക്സൽ വർഗീസ് കൊല്ലപ്പെട്ടതെന്ന് പിന്നീട് കോണ്‍സ്റ്റബിൾ രാമചന്ദ്രനാണ് വെളിപ്പെടുത്തിയത്. വ്യാജ ഏറ്റുമുട്ടൽ കേസിൽ ഐ ജി ലക്ഷമണയെ സിബിഐ കോടതി ശിക്ഷിച്ചിരുന്നു. 1998-ലാണ് അന്ന് ഡിവൈഎസ്പിയായിരുന്ന ലക്ഷമണയുടെ നിര്‍ദേശ പ്രകാരമാണ് താൻ വര്‍ഗ്ഗീസിനെ വെടിവെച്ചു കൊന്നതെന്ന് കോണ്‍സ്റ്റബിൾ പി.രാമചന്ദ്രൻ നായര്‍ വെളിപ്പെടുത്തിയത്.
വര്‍ഗീസിനെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് സഹോദരങ്ങള്‍ നല്‍കിയ നിവേദനം പരിശോധിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.
നിരക്ഷരരും ദരിദ്രരുമായ നിരുനെല്ലിയിലെ ആദിവാസികൾക്കെതിരായ ചൂഷണം ചോദ്യംചെയ്തു കൊണ്ടാണ് വർഗ്ഗീസ് നക്സൽ പ്രസ്ഥാനത്തിൽ വളർന്നു വന്നത്. 1960-കളിൽ വയനാട്ടിലെ പല ഭൂപ്രഭുക്കൻമാരുടേയും കൊലപാതകത്തിന് പിന്നിൽ വർഗ്ഗീസ് അടങ്ങിയ നക്സൽ സംഘമാണെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. വയനാട്ടിലെ നക്സൽ പ്രവർത്തനം ശക്തിപ്പെട്ടതോടെ പൊലീസ് കടുത്ത നടപടികളുമായി രംഗത്തെത്തി.
1970 ഫെബ്രുവരി 17-നാണ് കരിമത്ത് ശിവരാമൻ നായർ എന്നയാളുടെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന വർഗ്ഗീസിനെ പൊലീസ് പിടികൂടുന്നത്. ദിവസങ്ങൾക്ക് ശേഷം വർഗ്ഗീസിൻ്റെ മൃതദേഹം തിരുനെല്ലി പൊലീസ് സ്റ്റേഷനടുത്തുള്ള കൂമ്പാരക്കുനിയിൽ നിന്നും കണ്ടെത്തി. മൃതദേഹം സെമിത്തേരിയിൽ അടയ്ക്കാൻ പള്ളി കമ്മിറ്റി വിസമ്മതിച്ചതിനെ തുടർന്ന് വെള്ളമുണ്ടയ്ക്ക് അടുത്ത് ഒഴുക്കൻ മൂലയിലെ കുടുംബ ഭൂമിയിലാണ് വർഗ്ഗീസിനെ അടക്കിയത്. പ്രവർത്തശൈലിയും മരണത്തിലെ സമാനതയും മൂലം കേരള ചെഗുവേര എന്നൊരു വിളിപ്പേരും നക്സൽ അനുഭാവികൾക്കിടയിൽ വർഗ്ഗീസിനുണ്ടായിരുന്നു. ഗ്രോ വാസു, അജിത എന്നിവരെല്ലാം വർഗ്ഗീസിനൊപ്പം നക്സൽ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചവരാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam