
എറണാകുളം: കൊച്ചി മെട്രോയുടെ (Kochi Metro) അഞ്ചാം വാർഷികമാണ് ഇന്ന്. വിമാനത്താവളത്തിലേക്ക് ഉൾപ്പടെ ഉള്ള അഞ്ച് പാതകൾ യാഥാർത്ഥ്യമാക്കി കൊച്ചിയെ രാജ്യത്തെ മികച്ച ട്രാവൽ ഹബ്ബാക്കാനുള്ള ശ്രമങ്ങളിലാണ് കെഎംആർഎൽ (KMRL) .തിരുവനന്തപുരത്തും കോഴിക്കോടും പരിഗണനയിലുള്ള ലൈറ്റ് മെട്രോ പദ്ധതി (Light Metro Project) അനുമതിയായാൽ മൂന്ന് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന് എംഡി ലോക്നാഥ് ബെഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രതിദിനയാത്രക്കാരുടെ എണ്ണം ഉടൻ ഒരു ലക്ഷത്തിലെത്തിക്കുക. കൂടുതൽ പാത വരുന്നതോടെ അത് 2.5ലക്ഷമാക്കി ഉയർത്തുക. അങ്ങനെ നഷ്ടവും കുറയ്ക്കുക. ഇൻഫോപാർക്ക് പാതയ്ക്ക് വേണ്ട അന്തിമ അനുമതി ഉടൻ കേന്ദ്രസർക്കാർ നൽകുമെന്നാണ് പ്രതീക്ഷ.തുടർന്ന് അങ്കമാലി വരെയും,വിമാനത്താവളത്തിലേക്കും മെട്രോ എത്തിക്കണം. ഇതെല്ലാം മെട്രോ തന്നെ ആകും.
തൃപ്പൂണിത്തുറയിൽ നിന്ന് കാക്കനാട്ടേക്ക് മറ്റൊരു പാതയും പരിഗണനയിലുണ്ട്. വാട്ടർ മെട്രോയ്ക്കൊപ്പം ടൂറിസം സാധ്യത കൂടി മുന്നിൽ കണ്ട് നഗരത്തിനുള്ളിൽ എംജി റോഡിലും മറൈൻ ഡ്രൈവിലേക്കും മെട്രോ നിയോ. മെട്രോ ആദ്യഘട്ടത്തിൽ നിർമ്മാണം ഡിഎംആർസി എങ്കിൽ ഇനി എല്ലാത്തിനും ചുക്കാൻ പിടിക്കുക കെഎംആർഎൽ തന്നെ.
കൊച്ചിയിൽ മാത്രമല്ല.തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും പുതിയ പാതകളുടെ നിർമ്മാണചുമതല കെഎംആർഎല്ലിനാണ്. ഇതിനുള്ള സാധ്യതപഠനം തുടരുന്നു. ഒരു മണിക്കൂറിൽ പതിനായിരം മുതൽ പതിനയ്യായിരം യാത്രക്കാരെത്തിയാലെ ലൈറ്റ് മെട്രോ പരിഗണിക്കൂ. അതിൽ കുറവെങ്കിൽ ഇലക്ടിക് ബസ് കൂട്ടിവെച്ച മാതൃകയിലുള്ള മെട്രോ നിയോ രീതിക്കാകും മുൻഗണന.
മെട്രോ സ്റ്റേഷനിൽ വാണിജ്യ ആവശ്യത്തിനുള്ള കിയോസ്കുകളുടെ ലേലം നടപടികൾക്ക് പ്രതീക്ഷിച്ച അത്ര പ്രതികരണമില്ലെങ്കിലും കൊവിഡ് മാന്ദ്യം വിട്ടൊഴിയുന്നതോടെ അതും പച്ചപ്പിടിക്കുമെന്ന് കണക്ക് കൂട്ടൽ. ഓട്ടോ ഫീഡർ സർവ്വീസ് മെച്ചപ്പെടുത്താനുള്ള പുതിയ ആപ്പ് മുതൽ മെട്രോ എഫ്എം വരെ. വേറിട്ട ആശയങ്ങളും നയങ്ങളും കൊണ്ട് വന്ന് പരമാവധി യാത്രക്കാരിലേക്ക് എത്തുക. ലാഭമില്ലെങ്കിലും നഷ്ടത്തിന്‍റെ ആഴം കുറച്ച് ജനകീയ പൊതുഗതാഗത സംവിധാനമായി നിലനിൽക്കുക എന്നതാണ് കൊച്ചി മെട്രോയുടെ വെല്ലുവിളി.
കൊച്ചി മെട്രോ അഞ്ചാം വയസ്സിലേക്ക്, ലാഭത്തിലേക്ക് പുതുവഴി തേടി കെഎംആർഎൽ
മെട്രോ മുട്ടം യാർഡിലെ 'ഭീഷണി സന്ദേശം': യുഎപിഎ ചുമത്തില്ലെന്ന് കൊച്ചി പൊലീസ് കമ്മീഷണർ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam