
ചെന്നൈ: തമിഴ്നാട്ടിൽ ജല്ലിക്കട്ടിന്(Jallikattu) മുന്നോടിയായി നടത്തുന്ന ഊർ തിരുവിഴക്കിടെ കാളകൾ വിരണ്ടോടി അൻപതോളം പേർക്ക് പരിക്ക്. ജല്ലിക്കട്ടിന് മുന്നോടിയായി കാളകളെ മെരുക്കാൻ നടത്തുന്ന പരിശീലനമാണിത്. അനുമതി നിഷേധിച്ച് ചടങ്ങ് നടത്തിയതിന് അഞ്ച് സംഘാടകർക്കെതിരെ തിരുവണ്ണാമലൈ പൊലീസ് കേസെടുത്തു.
മാർകഴി മാസത്തിലെ അമാവാസിയുമായി ബന്ധപ്പെട്ടാണ് ഊര് തിരുവിഴൈ ചടങ്ങ് സംഘടിപ്പിച്ചത്. മാടുകളെ ജല്ലിക്കട്ടിനൊരുക്കാൻ ആചാരപരമായി നടത്തുന്ന പരിശീലനമാണിത്. തിരുവണ്ണാമലൈ, ആറണി, കണ്ടമംഗലത്താണ് നിയമം ലംഘിച്ച് ചടങ്ങ് നടന്നത്. തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപേട്ട്, കൃഷ്ണഗിരി ജില്ലകളിൽ നിന്നായി അഞ്ഞൂറിലേറെ കാളകളും ആയിരത്തിലേറെ ആളുകളും ചടങ്ങിൽ പങ്കെടുത്തു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ പൊതുചടങ്ങുകൾക്ക് നിയന്ത്രണമുണ്ട്. അതുകൊണ്ട് ഊർ തിരുവിഴ നടത്താൻ സംഘാടകർ അനുമതി തേടിയിരുന്നെങ്കിലും പൊലീസ് നൽകിയിരുന്നില്ല. വേണ്ടത്ര സുരക്ഷാ തയ്യാറെടുപ്പുകളും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് കാളകൾ വിരണ്ടോടിയത്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. മാർകഴി മാസത്തിലെ അമാവാസിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങ് പൊലീസ് ഇടപെട്ട് നിർത്തിവച്ചു. അനുമതി നിഷേധിച്ചിട്ടും ചടങ്ങ് നടത്തിയതിനാല്‍ അഞ്ച് സംഘാടകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ മാസം 15നാണ് തമിഴ്നാട്ടിൽ മാട്ടുപ്പൊങ്കൽ. തുടർന്ന് ചെറുതും വലുതുമായ നിരവധി ജല്ലിക്കട്ടുകൾ നടക്കാനിരിക്കുന്നു. തമിഴ് ജനതയ്ക്ക് മേൽ വലിയ വൈകാരിക സ്വാധീനമുള്ള ജല്ലിക്കട്ടിന് അനുമതി നൽകണോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഇതുവരെ വന്നിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam