
ഗാസ: ഗാസയിൽ രൂക്ഷമായ ഇസ്രയേൽ ആക്രമണം. ശക്തമായ കരയാക്രമണമാണ് ഗാസ മണ്ണില്‍ ഇസ്രയേല്‍ നടത്തിയത്. നഗരം പിടിച്ചെടുക്കാനാണ് കരസേനയുടെ നീക്കം. ഗാസയിൽ ഗ്രൗണ്ട് ഓപ്പറേഷൻ തുടങ്ങിയതായി ഇസ്രയേൽ സേന അറിയിച്ചു. പകൽ നടക്കുന്ന ആക്രമണങ്ങളിൽ വിവിധ ഇടങ്ങളിൽ മരണം റിപ്പോർട്ട് ചെയ്തു. ആക്രമണത്തില്‍ അറുപതിലേറെ പേരാണ് ഇന്ന് മാത്രം കൊല്ലപ്പെട്ടത്. ജീവന്‍ രക്ഷിക്കാന്‍ ജനങ്ങൾ പലായനം ചെയ്യുന്നു.
ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്ര സഭ നിയോഗിച്ച അന്വേഷണ കമ്മീഷൻ. 2023-ൽ ഹമാസുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം അന്താരാഷ്ട്ര നിയമപ്രകാരം നിർവചിക്കപ്പെട്ട അഞ്ച് വംശഹത്യകളിൽ നാലെണ്ണവും ഇസ്രായേൽ നടത്തിയെന്ന് പറയാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. ഒരുവിഭാഗത്തെ ഉന്മൂലനം ചെയ്യുക, ശാരീരികവും മാനസികവുമായ ഗുരുതരമായ ഉപദ്രവം വരുത്തുക, വിഭാഗത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വ്യവസ്ഥകൾ മനഃപൂർവ്വം സൃഷ്ടിക്കുക, ജനനം തടയുക തുടങ്ങിയ നടപടികൾ ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായെന്നും യുഎൻ റിപ്പോർട്ട് വ്യക്തമാക്കി. വംശഹത്യ നടത്താനുള്ള ഉദ്ദേശ്യത്തിന്റെ തെളിവായി ഇസ്രായേൽ നേതാക്കളുടെ പ്രസ്താവനകളെയും ഇസ്രായേൽ സേനയുടെ പെരുമാറ്റരീതികളെയും റിപ്പോർട്ടിൽ ഉദ്ധരിച്ചു. അതേസമയം, യുഎൻ റിപ്പോർട്ട് വളച്ചൊടിച്ചതും വ്യാജവുമാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അതേസമയം, ഗാസയിലെ ജനതക്ക് നേരെയല്ല, ഹമാസിന് നേരെയാണ് തങ്ങളുടെ പോരാട്ടമെന്ന് ഇസ്രായേൽ വ്യക്തമാക്കി. തങ്ങളുടെ സൈന്യം അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും സാധാരണക്കാർക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഇസ്രായേൽ പറയുന്നു. ഇസ്രായേലിൽ വംശഹത്യയ്ക്ക് ശ്രമിച്ച പാർട്ടിയാണ് ഹമാസെന്നും 1,200 പേരെ കൊന്നൊടുക്കിയെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും ഇസ്രായേൽ പറഞ്ഞു. കുടുംബങ്ങളെ ജീവനോടെ ചുട്ടുകൊല്ലുകയും എല്ലാ ജൂതന്മാരെയും കൊല്ലുക എന്ന ലക്ഷ്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തവരാണ് ഹമാസെന്നും ഇസ്രായേൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam