'22നേക്കാളും താഴെയാണ് ഭായീ 63'; ലീഗിനും വി ഡി സതീശനുമെതിരെ കെ സുരേന്ദ്രൻ

Published : May 14, 2026, 07:07 PM IST
satheesan, kunjalikkutty

Synopsis

വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. 63 സീറ്റ് കിട്ടിയ കോണ്‍ഗ്രസിനേക്കാൾ സ്വാധീനം 22 സീറ്റ് കിട്ടിയ ലീഗിനാണ് എന്നാണ് സുരേന്ദ്രന്‍റെ വിമർശനം.

തിരുവനന്തപുരം: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. '22 നേക്കാളും താഴെയാണ് ഭായീ 63' എന്നാണ് സുരേന്ദ്രന്‍റെ ഫേസ് ബുക്ക് കുറിപ്പ്. 63 സീറ്റ് കിട്ടിയ കോണ്‍ഗ്രസിനേക്കാൾ സ്വാധീനം 22 സീറ്റ് കിട്ടിയ ലീഗിനാണ് എന്നാണ് സുരേന്ദ്രന്‍റെ വിമർശനം. ലീഗിന്‍റെ താത്പര്യ പ്രകാരമാണ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയത് എന്ന വിമർശനമാണ് ബിജെപി ഉന്നയിക്കുന്നത്.

വി ഡി സതീശൻ്റെ മുഖ്യമന്ത്രി സ്ഥാനം കേരളം മുസ്ലീം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ സൂചനയാണെന്ന് ബിജെപി സംസ്ഥാന ഘടകത്തിന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ കുറിപ്പിൽ പറയുന്നു. മുസ്ലീം ലീഗിന്റെ സമ്മർദത്തെ തുടർന്നാണ് വി ഡി സതീശന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. കോൺഗ്രസിന്റെ ഹൈക്കമാൻഡ് പാണക്കാട് ഹൗസിലാണെന്നും ബിജെപി അഭിപ്രായപ്പെട്ടു.

"അടുത്ത അഞ്ച് വർഷം കേരളം മുസ്ലിം ലീഗിന്‍റെ ഭരണത്തിലാകുമെന്നതിന്‍റെ വ്യക്തമായ സൂചനയാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിലൂടെ കോൺഗ്രസ് നൽകുന്നത്. കോൺഗ്രസ് എംഎൽഎമാരുടെ ഭൂരിപക്ഷ അഭിപ്രായം വി ഡി സതീശന് അനുകൂലമല്ലാതിരുന്നിട്ടും മുസ്ലീം ലീഗിന്റെ സമ്മർദം ഒന്നുമാത്രമാണ് വി ഡി സതീശൻ മുഖ്യമന്ത്രിയാകാൻ കാരണം. തങ്ങളുടെ പുതിയ ഒരു 'മത ജില്ല' അടക്കമുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ ലീഗിന് വേണ്ടത് തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെയാണ്. അത് അവർ നേടിയെടുത്തു. അതെ കോൺഗ്രസിന്റെ ഹൈക്കമാൻഡ് ഡൽഹിയിലല്ല, അത് പാണക്കാട് ഹൗസിലാണ്".

സമാന ആരോപണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും രംഗത്തെത്തി. മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണ് വി ഡി സതീശന്റെ മുഖ്യമന്ത്രി സ്ഥാനമെന്നായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെ ആയിരുന്നു തെരഞ്ഞെടുക്കേണ്ടതെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തല തുടർച്ചയായി അവഗണന നേരിടുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് സുകുമാരൻ നായർ പ്രതികരിക്കാൻ തയ്യാറായില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇടുക്കി മുസ്ലിം യൂത്ത് ലീ​ഗ് കമ്മിറ്റിയെ പിരിച്ചുവിട്ടു; പ്രകോപനപരമായ മുദ്രാവാക്യം അം​ഗീകരിക്കില്ലെന്ന് വിശദീകരണം
കസേരകൾ മാറി പോര്, വീണ്ടും വിഡി Vs പിണറായി വിജയൻ; പ്രതിപക്ഷ നിരയെ പിണറായി വിജയൻ നയിക്കും