
തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം വകുപ്പിന് കീഴിൽ ഓണാഘോഷം സംഘടിപ്പിക്കാൻ 7.47 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ വഴിയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിൽ കഴിഞ്ഞ രണ്ട് വർഷം ഓണാഘോഷ പരിപാടികള്‍ സർക്കാർ സംഘടിപ്പിച്ചിരുന്നില്ല. സെപ്തബംർ ആറു മുതൽ 12 വരെയാണ് സംസ്ഥാന തല ഓണാഘോഷം സംഘടിപ്പിക്കുന്നത്. എട്ടു ലക്ഷം മുതൽ 36 ലക്ഷംവരെയാണ് ഓരോ ജില്ലകള്‍ക്കും അനുവദിച്ചിരിക്കുന്നത്. എറണാകുളം, കോഴിക്കോട് ജില്ലകള്‍ക്കാണ് ഏറ്റവും കൂടുതൽ തുക അനുവദിച്ചിരിക്കുന്നത്. 36 ലക്ഷംരൂപയാണ് രണ്ട് ജില്ലകള്‍ക്കും അനുവദിച്ചിരിക്കുന്നത്.
ഓണാഘോഷം: ഇടുക്കി-ചെറുതോണി ഡാമുകൾ സന്ദര്‍ശിക്കാം
ഇടുക്കി: ഓണം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചെറുതോണി അണക്കെട്ടിൽ നിന്നു തുടങ്ങി ഇടുക്കി ആർച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കിൽ ആറു കിലോമീറ്റർ നടക്കണം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് പേർക്ക് 600 രൂപയാണു ചാർജ്ജ് ഈടാക്കുന്നത്.
രാവിലെ ഒൻപതര മുതൽ വൈകിട്ട് അഞ്ചു വരെയാണു സന്ദർശനസമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ചെറുതോണി - തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. ചെറുതോണി ഡാമിന്‍റെ പ്രവേശന കവാടത്തിന് സമീപം ഹൈഡല്‍ ടൂറിസം വകുപ്പ് ഡാം കാണുന്നതിനും ബഗ്ഗികാര്‍ യാത്രാസൗകര്യത്തിനുമുള്ള ടിക്കറ്റ് കൗണ്ടർ ക്രമീകരിച്ചിട്ടുണ്ട്.
ഇടുക്കി റിസര്‍വയറില്‍ ബോട്ടിംഗ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. 20 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ സൗകര്യമുള്ള ബോട്ടാണ് ഇടുക്കി വൈല്‍ഡ് ലൈഫ് വിഭാഗം ഒരുക്കിയിടരിക്കുന്നത്. വനം വികസന ഏജന്‍സി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ബോട്ടിംഗിനിടെ ഇടുക്കി - ചെറുതോണി അണക്കെട്ടുകള്‍ ജലാശയത്തിലൂടെ സഞ്ചരിച്ച് കാണുന്നതിനും കാനനഭംഗി ആസ്വദിക്കാനും കഴിയും. ഹില്‍വ്യൂ പാര്‍ക്കും കാല്‍വരിമൗണ്ട് മലനിരകളും ജലാശയവും ഇതിനോടു ചേര്‍ന്നുള്ള വനപ്രദേശങ്ങളും സഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷകമാണ്.