'643 കണ്ടെയ്നറുകളിൽ 73 എണ്ണം ഒഴിഞ്ഞവ'; കൊച്ചിയിലെ കപ്പൽ അപകടത്തിൽ ഗൂഢാലോചന ആരോപിച്ച് പരാതി

Published : May 26, 2025, 03:59 PM IST
'643 കണ്ടെയ്നറുകളിൽ 73 എണ്ണം ഒഴിഞ്ഞവ'; കൊച്ചിയിലെ കപ്പൽ അപകടത്തിൽ ഗൂഢാലോചന ആരോപിച്ച് പരാതി

Synopsis

ഇൻഷുറസ് തട്ടിപ്പിനുള്ള ശ്രമമാണ്, വിഴിഞ്ഞം തുറമുഖത്തിന്റെ സൽപ്പേര് കളയാനുള്ള ഗൂഢാലോചന എന്നിവയെല്ലാമാണ് ആരോപണങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമാണ് പരാതി നൽകിയത്.

കൊച്ചി: കൊച്ചിയിലെ കപ്പൽ അപകടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമാണ് പരാതി നൽകിയത്. അപകടത്തിൽപ്പെട്ട കപ്പലിലെ 643 കണ്ടെയ്നറുകളിൽ 73 എണ്ണം ഒഴിഞ്ഞവയാണ്. ഇൻഷുറസ് തട്ടിപ്പിനുള്ള ശ്രമമെന്നാണ് പരാതിക്കാരന്‍റെ ആരോപണം. വിഴിഞ്ഞം തുറമുഖത്തിന്റെ സൽപ്പേര് കളയാനുള്ള ഗൂഢാലോചനയെന്നും ആരോപണം. സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് പരാതി നൽകിയത്. . 

അതിനിടെ കേരള തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾ കസ്റ്റംസ് പിടിച്ചെടുക്കും. കണ്ടെയ്നറിലെ സാധനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് ആയി കണക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തും. കപ്പലിന്റെ ഉടമ കമ്പനി ചുങ്കം അടച്ച് സാധനം ഏറ്റെടുക്കണം. അല്ലെങ്കിൽ കണ്ടുകെട്ടും. 1962 ലെ കസ്റ്റംസ് ആക്ട് സെക്ഷൻ 21 അനുസരിച്ചാണ് നടപടി. കടലിൽ ഒഴുകി കരയ്ക്ക് അടുക്കുന്ന വസ്തുക്കൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി നികുതി ചുമത്തണം എന്നാണ് നിയമത്തിലെ ഈ വകുപ്പ് പറയുന്നത്.

ഇന്നലെ രാത്രി ചേർന്ന കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കണ്ടെയ്നർ അടിഞ്ഞ സ്ഥലങ്ങളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തി മഹസർ തയ്യാറാക്കി ഏറ്റെടുക്കും. തീരത്ത് കസ്റ്റംസ് മറൈൻ പട്രോൾ ബോട്ടുകൾ നിരീക്ഷണം ശക്തമാക്കും. ശക്തികുളങ്ങരയിൽ തീരത്ത് അടിഞ്ഞ കണ്ടയ്നറുകൾ ബോട്ടുകൾ ഉപയോഗിച്ച് കെട്ടിവലിച്ച് കൊല്ലം പോർട്ടിലേക്ക് മാറ്റും.

അതിനിടെ കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ കപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിഞ്ഞു. കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശത്താണ് കണ്ടെയ്നറുകള്‍ അടിഞ്ഞത്. കണ്ടെയ്നറുകളുടെ അടുത്തേക്ക് ആളുകള്‍ പോകരുതെന്നും തൊടരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് ആവര്‍ത്തിച്ചു. 200 മീറ്റര്‍ അകലത്തിൽ മാത്രമെ നിൽക്കാൻ പാടുകയുള്ളുവെന്നാണ് നിര്‍ദേശം.

കൊല്ലത്തെ കരുനാഗപ്പള്ളി, ചവറ, ശക്തികുളങ്ങര, നീണ്ടകര തുടങ്ങിയ സ്ഥലങ്ങളിലും ആലപ്പുഴ തറയിൽക്കടവ് ഭാഗത്തുമാണ് കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞത്. കൊല്ലം നീണ്ടകരയിൽ മാത്രം അഞ്ച് എണ്ണമാണ് തീരത്തടിഞ്ഞത്. മിക്ക കണ്ടെയ്നറുകളും ഒഴിഞ്ഞനിലയിലെന്നാണ് പ്രാഥമിക നിഗമനം.ആലപ്പുഴയിലെ ആറാട്ടുപ്പുഴ പഞ്ചായത്തിലടക്കം മൈക്കിൽ അനൗണ്‍സ്മെന്‍റ് നൽകി ആളുകള്‍ക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

അതേസമയം, ചരക്ക് കപ്പിൽ നിന്നുള്ള കണ്ടെയ്നറുകൾ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ കടൽ വെള്ളത്തിൽ അപകടരമായ വസ്തുക്കൾ കലർന്നിട്ടുണ്ടോ എന്നുള്ള പരിശോധന തുടങ്ങി. കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗവും മത്സ്യവകുപ്പും ചേർന്ന് സാമ്പിള്‍ ശേഖരിക്കുകയാണ്. അടുത്ത ഘട്ടമായി മത്സ്യത്തിന്‍റെ സാമ്പിളുകളും ശേഖരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു
കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും